തൃശൂർ– കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ സംതൃപ്തനല്ലെന്നും അവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും വി.എസ് സുജിത്ത് ആവശ്യപ്പെട്ടു. ഡ്രൈവറായ ഷുഹൈർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെയും പിരിച്ചുവിടണമെന്നാണ് സുജിത്തിന്റെ നിലപാട്.
ഈ ഉദ്യോഗസ്ഥർക്ക് സർവീസിൽ തുടരാൻ യോഗ്യതയില്ലെന്ന് സുജിത്ത് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളിൽ എല്ലാ ഭാഗങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന സുപ്രിംകോടതി കേസിൽ കക്ഷി ചേരുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ചാമത്തെ ഉദ്യോഗസ്ഥനെ കേസിൽ ഉൾപ്പെടുത്താൻ നിയമനടപടികൾ സ്വീകരിക്കുമെന്നും സുജിത്ത് കൂട്ടിച്ചേർത്തു.
ശശീന്ദ്രൻ മർദിച്ചത് സ്റ്റേഷന്റെ മുകൾനിലയിൽ വെച്ചായിരുന്നുവെന്നും അവിടെ സിസിടിവി ഇല്ലായിരുന്നുവെന്നും സുജിത്ത് ചൂണ്ടിക്കാട്ടി. നിലവിൽ നാല് പൊലീസുകാർക്കെതിരെ മാത്രമാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഡ്രൈവർ ഷുഹൈറിനും മർദനത്തിൽ പങ്കുണ്ടെന്ന് സുജിത്ത് ആരോപിച്ചു.