- കവർന്ന സ്വർണം പ്രതികളിൽനിന്ന് കണ്ടെത്തിയതായി പോലീസ്
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ വ്യാപാരിയിൽനിന്ന് ഒരു കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിലായി. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കൽ ഹൗസിൽ നൗഫൽ(34), പാറപ്പുറത്ത് ഹൗസിൽ നിസാർ(50), കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരി വീട്ടിൽ ജയാനന്ദൻ(61) എന്നിവരാണ് അറസ്റ്റിലായത്.
ബസിൽനിന്ന് കവർന്ന സ്വർണം പ്രതികളിൽനിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബസ്സിൽ കയറി സ്ഥിരം മോഷണം നടത്തുന്നവരാണ് പ്രതികളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നിന്നും അങ്കമാലി നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വച്ച് തൃശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിൽനിന്നാണ് പ്രതികൾ സ്വർണം കവർന്നത്. ജ്വല്ലറിയിൽ മോഡൽ കാണിക്കുന്നതിനായി കൊടുത്തുവിട്ട സ്വർണമാണ് യാത്രയ്ക്കിടെ മോഷണം പോയത്. കുറ്റപ്പുറത്തുനിന്നും ബസിൽ കയറിയ ജിബിൻ എടപ്പാളിലെത്തിയപ്പോഴാണ് ബാഗിൽനിന്നും സ്വർണം നഷ്ടമായത് അറിഞ്ഞത്. ഉടനെ ചങ്ങരംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ചങ്ങരംകുളം പോലീസും കുറ്റിപ്പുറം പോലീസും തിരൂർ ഡിവൈ.എസ്.പിക്ക് കീഴിലെ പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.