തൃശൂർ– തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ് തൃശൂർ എം.പി. സുരേഷ് ഗോപി രാവിലെ പ്രസ്താവന നടത്തിയതെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനിൽ കുമാർ പറഞ്ഞു. സുരേഷ് ഗോപി കമ്മീഷൻ മറുപടി നൽകുമെന്ന് പ്രസ്താവിച്ച ഉടനെ കമ്മീഷൻ പ്രതികരണം നടത്തിയത് ഭരണകക്ഷിയുടെ നിർദേശപ്രകാരമാണെന്ന് സുനിൽ കുമാർ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ലെന്നും, അത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളുടെ മെറിറ്റ് പരിശോധിക്കാതെ, രാജ്യവ്യാപകമായ പരാതികളോട് ഉത്തരവാദിത്തപൂർവം പ്രതികരിക്കാൻ കമ്മീഷൻ തയ്യാറായില്ലെന്നും സുനിൽ കുമാർ ആരോപിച്ചു.
തൃശൂർ മണ്ഡലത്തിൽ വോട്ടർമാരല്ലാത്തവർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനെക്കുറിച്ച് കമ്മീഷൻ ഒന്നും പറഞ്ഞില്ലെന്നും, രാഹുൽ ഗാന്ധിയെ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആക്ഷേപിച്ചത് ഭരണകക്ഷി മന്ത്രിയുടെ പ്രസ്താവന പോലെ തോന്നിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“വാനരന്മാർ പരാതി നൽകി” എന്ന സുരേഷ് ഗോപിയുടെ പ്രയോഗം തരംതാഴ്ന്നതാണെന്നും സുനിൽ കുമാർ വ്യക്തമാക്കി.