ന്യൂഡല്‍ഹി– രാജ്യസഭയില്‍ നടന്ന വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും ശക്തമായി വിമര്‍ശിച്ച് സി.പി.എം. എം.പി ജോണ്‍ ബ്രിട്ടാസ്. ചര്‍ച്ചക്കിടെ സുരേഷ് ഗോപിയും ബ്രിട്ടാസും നേര്‍ക്കു നേര്‍ വാക്ക്‌പോര് നടത്തി. മുനമ്പം വിഷയത്തില്‍ ക്രിസ്ത്യാനികളുടെ പേരില്‍ ബി.ജെ.പി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് ബ്രിട്ടാസ് ആരോപിച്ചു. കഴിഞ്ഞ ദിവസവും മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമം നടന്നെന്നും അദ്ദേഹം വിശദീകരിച്ചു.
ഗ്രഹാം സ്റ്റെയിനിനെ ചുട്ടു കൊന്നതടക്കം എമ്പുരാന്‍ സിനിമയിലെ മുന്നയെപ്പോലെ ബി.ജെ.പി ബെഞ്ചില്‍ ആളുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നേമത്ത് അക്കൗണ്ട് പൂട്ടിച്ചതു പോലെ തൃശൂര്‍കാര്‍ക്ക് പറ്റിയ തെറ്റ് വൈകാതെ കേരളം തിരുത്തുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ആരെയും ഭയപ്പെടാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എമ്പുരാന്‍ സിനിമയിലെ സീനുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച ബ്രിട്ടാസിനെ ‘ടി.പി 51 വെട്ട്’ സിനിമ റീ റിലീസ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. ലെഫ്റ്റ് റൈറ്റ് സിനിമയെയും പരാമര്‍ശിച്ച അദ്ദേഹം എമ്പുരാന്‍ സിനിമയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് വിവരിച്ചു. സിനിമയിലെ സീനുകള്‍ കട്ട് ചെയ്തത് നിര്‍മ്മാതാവും സംവിധായകനും സ്വമേധയാ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ 600 കുടുംബങ്ങളെയാണ് കേരള സര്‍ക്കാര്‍ ചതിയില്‍പ്പെടുത്തിയതെന്നും സുരേഷ് ഗോപി ആരോപിച്ചു. വഖഫ് തര്‍ക്കത്തില്‍ കേരള സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ജനങ്ങള്‍ അറബിക്കടലില്‍ ചവിട്ടി താഴ്ത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. എണ്ണൂറിലേറെ ആളുകളെ കൊന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും അദ്ദേഹം ആരോപിച്ചു.