- മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന എല്ലാ മാർഗങ്ങളും സമസ്ത പിന്തുടരും. അതിന്റെ ഭാഗമായാണ് സന്ദീപ് വാര്യർ തന്നെയും പാണക്കാട് സാദിഖലി തങ്ങളെയും കണ്ടതെന്നും സമസ്ത അധ്യക്ഷൻ
മലപ്പുറം: പത്രത്തിൽ പരസ്യം ആരു തന്നാലും സ്വീകരിക്കുന്ന കാര്യമാണെന്നും അതിൽ കൂടുതലൊന്നും പറയാനില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. തന്നെ കാണാനെത്തിയ സന്ദീപ് വാര്യരുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
കോൺഗ്രസ് സന്ദീപ് വാര്യരെ സ്വീകരിച്ചുവെന്നും അത്തരത്തിൽ സ്വീകരിക്കേണ്ടത് തന്നെയായിരുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത മതസൗഹാർദത്തിന് ഊന്നൽ നൽകുന്ന സംഘടനയാണ്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത വളർത്തുന്നതിനെ സമസ്ത പങ്കുവഹിച്ചിട്ടില്ല. അത്രയധികം തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രം. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന എല്ലാ മാർഗങ്ങളും സമസ്ത പിന്തുടരും. അതിന്റെ ഭാഗമായാണ് സന്ദീപ് വാര്യർ തന്നെയും സാദിഖലി തങ്ങളെയും കണ്ടത്.
ഇന്ത്യാ രാജ്യത്ത് അവർക്ക് ഇഷ്ടപ്പെടുന്ന ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും ചേരം. മുമ്പ് സന്ദീപ് വാര്യർ ബി ജെ പിയിൽ പ്രവർത്തിച്ചു. പിന്നീട് മാറാനുള്ള തീരുമാനവും അദ്ദേഹം എടുത്തതാണ്. അങ്ങനെ കോൺഗ്രസ് സന്ദീപ് വാര്യരെ സ്വീകരിച്ചു. അത് സ്വീകരിക്കേണ്ടത് തന്നെയാണ്. ബി ജെ പിയിലായിരുന്നപ്പോഴും തന്നെ കാണാൻ വരണമെന്ന് വിചാരിച്ചിരുന്നുവെന്നാണ് സന്ദീപ് പറഞ്ഞതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യർ സമസ്ത അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ശേഷം ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് ജിഫ്രി തങ്ങൾക്ക് കൈമാറി.
നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങളെന്നും കൂടിക്കാഴ്ചക്കു ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു. ഏറെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് സമയം ഒത്തുവന്നത്. അദ്ദേഹത്തെ കാണാനും സ്നേഹം അനുഭവിക്കാനുമായത് ഭാഗ്യമായി കാണുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകമാകുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.