കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനു പിന്നില്‍ സ്കൂളിലെ റാഗിങ് ആണെന്ന് കുടുംബത്തിന്റെ ആരോപണം. മകന് സ്കൂളില്‍ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി കുട്ടിയുടെ അമ്മ സമൂഹമാധ്യമത്തില്‍ കുറിച്ചു. ശുചിമുറിയില്‍ വച്ചു കുട്ടിയെ മര്‍ദ്ദിച്ചുവെന്നും ടോയ്ലറ്റ് സീറ്റ് നിര്‍ബന്ധിച്ചു നക്കിച്ചുവെന്നും ആരോപണമുണ്ട്. കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസ് മേധാവിക്ക് പരാതി നല്കി. കഴിഞ്ഞ 15നാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന്റെ ഇരുപത്തിയാറാം നിലയില്‍ നിന്ന് ചാടി 16 വയസ്സുള്ള മിഹിര്‍ ആത്മഹത്യ ചെയ്തത്.
അതേസമയം, മിഹിറിന്റെ മരണത്തിലെ പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ഗ്ലോബല്‍ സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കൃത്യമായ തെളിവുകള്‍ ഇല്ലാതെ ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാകില്ല. മിഹിര്‍ റാഗിങിനിരയായെന്ന പരാതി കുടുംബം മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി സന്തോഷവാനായിട്ടാണ് സ്കൂളില്‍ നിന്നും പോയതെന്നും പ്രിന്‍സിപ്പല്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.