കോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ചെറുത്ത് നിൽക്കുന്ന ഫലസ്തീനികളോടൊപ്പമാണ് വിശ്വാസി സമൂഹവും എല്ലാ മനുഷ്യസ്‌നേഹികളും നിലക്കൊള്ളേണ്ടതെന്ന് പ്രമുഖ മതപണ്ഡിതനും കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. കോഴിക്കോട് പാളയം ജുമാ മസ്ജിദിൽ ജുമുഅ ഖുതുബയിലാണ് അദ്ദേഹം ഇക്കാര്യം ഓർമപ്പെടുത്തിയത്.
ഫലസ്തീൻ പ്രദേശം മുസ്‌ലിംകളും ക്രിസ്ത്യാനികളും യഹൂദരും പരസ്പര വിശ്വാസത്തോടെ ജീവിച്ചുപോന്ന പ്രദേശമായിരുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന വൻ ഗൂഢാലോചനയുടെ ഫലമായാണ് 1948-ൽ ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ എന്ന ജൂത രാഷ്ട്രമുണ്ടായത്.
അന്ന് ഏഴര ലക്ഷം ഫലസ്തീനികളാണ് അയൽ പ്രദേശങ്ങളായ സിറിയ, ജോർദാൻ, ഈജിപ്ത്, ലെബനാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. പിന്നീട് പലപ്പോഴായി നടന്ന യുദ്ധങ്ങളും ആക്രമണങ്ങളും കാരണം അഭയാർത്ഥി പ്രവാഹം വർധിച്ചു.
കഴിഞ്ഞ 76 വർഷങ്ങളായി ഫലസ്തീനികൾ പൊരുതുകയാണ്. ജനിച്ച നാട്ടിൽ ജീവിക്കാനും പുണ്യ ഖുദ്‌സ് പ്രദേശവും മസ്ജിദുൽ അഖ്‌സായും സംരക്ഷിക്കാനും വേണ്ടിയാണവർ പൊരുതി മരിക്കുന്നത്. നാം എന്നും മർദ്ദിത സമൂഹത്തോടൊപ്പമായിരിക്കണമെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്‌കാരമായ ജുമുഅയോടനുബന്ധിച്ചുള്ള ഉൽബോധനത്തിൽ ആവശ്യപ്പെട്ടു.
…………………………………………..
ഫലസ്തീൻ പോരാളികളെ അധിക്ഷേപിക്കുംവിധം മുജാഹിദ് നേതാവ് ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി എഴുതിയ ഫേസ് ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശം ഉയരുന്നതിനിടെയാണ് ഹുസൈൻ മടവൂർ ഫലസ്തീൻ വിഷയത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇക്കാലമത്രയുമായുള്ള പ്രഖ്യാപിത നിലപാട് വ്യക്തമാക്കിയത്. ഈ നിലപാടിന് ഒപ്പമാണ് വിശ്വാസി സമൂഹവും വിവിധ മത, രാഷ്ട്രീയ സംഘടനാ നേതൃത്വങ്ങളുമെല്ലാം പൊതുവിലുള്ളത്.
എന്നാൽ, ‘ജനവാസ കേന്ദ്രങ്ങളിൽ ഒളിച്ചുപാർക്കുന്ന സായുധ സംഘങ്ങൾ’ എന്ന തലക്കെട്ടിൽ മജീദ് സ്വലാഹി എഴുതിയ കുറിപ്പിനെതിരേ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വിമർശങ്ങൾ പുകയുകയാണ്. പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഫലസ്തീൻ ജനതയെ ഇഞ്ചിച്ചായി കശാപ്പു ചെയ്യുന്ന ഇസ്രായേലിന്റെ കൊടും ചെയ്തികൾക്കെതിരേ പോരാടുന്ന ഹമാസിനെയും അവരെ പിന്തുണയ്ക്കുന്ന ഇഖ്‌വാനികൾ, ലെബനാനിലെ ഹിസ്ബുല്ല അടക്കമുള്ള സംഘടനകളെയും അനവസരത്തിൽ, കടന്നാക്രമിച്ച സ്വലാഹിയുടെ കുറിപ്പ് വളരെ മോശമായിപ്പോയെന്നാണ് പൊതുവെയുള്ള വിമർശം.
‘ഹിസ്ബുല്ലയുടെ ചരിത്രം തന്നെ ചതിയുടെയും കൊലയുടെയും ചരിത്രമാണ്. ശീഈ മണ്ണും വായുമാണ് അവർക്ക് ഏറെ ഇഷ്ടം….ശക്തനായ ശത്രുവായ ഇസ്‌റായേലിനെ തോണ്ടുകയും പിന്നീട് പ്രായമുള്ളവരുടെ കിടക്കകളിൽ അല്ലെങ്കിൽ കുട്ടികളുടെ കളിസ്ഥലങ്ങളിൽ ഒളിച്ചു പാർക്കുകയും ചെയ്യുന്ന ‘യുദ്ധ തന്ത്രമാണ്’ ഹിസ്ബുല്ല ഇപ്പോഴും പയറ്റുന്നത്. ഇതിന്റെയെല്ലാം വില കൊടുക്കേണ്ടി വരുന്നത് ലബനോൻ ജനതയാണ്. എന്നിട്ടും ചെറുത്ത് നിൽപ്പ് സംഘം എന്ന് സ്വയം പേരിട്ട് നടത്തുന്ന ഈ കാപട്യത്തിനു വിശുദ്ധിയുടെ കുട പിടിക്കാൻ ഇഖ്‌വാൻ ലോബിക്ക് നല്ല തൊലിക്കട്ടി തന്നെ വേണമെന്നാണ് മജീദ് സ്വലാഹിയുടെ പക്ഷം.
ഇതിനെ തീവ്ര ക്രിസ്ത്യൻ വിഭാഗമായ കാസയും സംഘപരിവാർ കേന്ദ്രങ്ങളും സ്വാഗതം ചെയ്യുമ്പോൾ വിവിധ മുസ്‌ലിം സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം ശക്തിയുക്തം തള്ളിക്കളയുന്നു. ഫലസ്തീൻ പോരാളികളെ അധിക്ഷേപിച്ച മജീദ് സ്വലാഹിയുടെ പ്രസ്താനവനക്കെതിരേ കെ.എൻ.എം മർകസുദ്ദഅ്‌വ നേതൃത്വം രംഗത്തു വന്നിരുന്നു. മജീദ് സ്വലാഹിയെ തിരുത്താൻ കെ.എൻ.എം സി.ഡി ടവർ നേതൃത്വം തയ്യാറാകണമെന്നും അവർ ആവശ്യപ്പെടുകയുണ്ടായി.