തിരുവനന്തപുരം: താമരേശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിധരായ ആറ് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ക്രിമിനലിസം ചൂണ്ടിക്കാട്ടി ആറു വിദ്യാർത്ഥികളുടെ പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞിരുന്നു. ഇതിന് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചതിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെയ്ക്കാനാകും? സർക്കാരിന് എന്ത് അധികാരമെന്നും ചോദിച്ച കോടതി, കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോയെന്നും അഭിപ്രായപ്പെട്ടിരുന്നു. കുറ്റകൃത്യം നടന്നാൽ കോടതിയിലാണ് നടപടികൾ പൂർത്തിയാകേണ്ടത്. അല്ലാതെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതിന്റെ യുക്തി എന്താണ്? കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചിട്ടുപോലും പരീക്ഷാഫലം തടഞ്ഞത് എന്തിനാണെന്നും കോടതി സർക്കാറിനോട് ചോദിക്കുകയുണ്ടായി.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് ക്രൂരമായ മർദ്ദനമേറ്റ് ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കവെയാണ് ഷഹബാസ് മരിച്ചത്.