കോഴിക്കോട്– ഡിവൈഎഫ്‌ഐ രാഷ്ട്രീയം പഠിക്കണമെന്നും പ്‌സ്യൂഡോ സെക്കുലറിസം അവസാനിപ്പിക്കണമെന്നും സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ (എസ്എസ്എഫ്). സെക്യുലറിസമെന്നതിന്റെ നിർവചനം മുഖ്യധാര പാർട്ടികൾക്ക് ക്ലാസെടുത്തു കൊടുക്കേണ്ട ഗതികേടിലൂടെയാണ് രാജ്യം കടന്നു പോവുന്നതെന്നും എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മൂല്യങ്ങളും സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്താതെ ഭൂരിപക്ഷങ്ങൾക്കനുസരിച്ച് ജനാധിപത്യ രാജ്യത്തെ അപകടപ്പെടുത്തും.മറ്റു മത ആചാര അനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്നതോട് കൂടെ തന്നെ തങ്ങളുടെ വിശ്വാസത്തെ മതപരമായി ഉദ്‌ബോധനം ചെയ്യാനുള്ള അവകാശം മത നേതൃത്വങ്ങളം സ്ഥാപനങ്ങൾക്കും ഉണ്ടെന്ന സാമാന്യ ബോധം ഉണ്ടാവുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ ചില സാഹചര്യങ്ങളിലെ ‘പ്രത്യേക ജാഗ്രതകൾക്ക്’ മതേതര കേരളം വലിയ വില നൽകേണ്ടി വരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഓണാഘോഷവുമായി ബന്ധപ്പെട്ട് പെരുമ്പിലാവ് സിറാജുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുടെ വാട്‌സ് ആപ് വോയിസ് വിവാദമായിരുന്നു. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിൽ അധ്യാപികക്ക് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുമെടുത്തിരുന്നു. കാന്തപുരം വിഭാഗത്തിന്റെ മാനേജ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിറാജുൽ ഉലൂം സ്‌കൂൾ. സാമുദായിക സ്പർധ വളർത്തണമെന്ന ഉദ്ദേശത്തോടെ ഓണാഘോഷ പരിപാടികളിൽ നിന്ന് മുസ്ലിം കുട്ടികൾ പങ്കെടുക്കുന്നത് ശിർക്കാണെന്ന് സന്ദേശയമെച്ചെന്നാണ് പരാതി. സ്‌കൂളിനെതിരെ ഡിവൈഎഫ്‌ഐ മാർച്ച് നടത്തുകയും ചെയ്തു.