കോഴിക്കോട്– സമസ്തയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, മുശാവറ അംഗങ്ങൾ എന്നിവർ സമിതിയിൽ അംഗങ്ങളാണ്. സമസ്തയിലെ ലീഗ് അനുകൂല-വിരുദ്ധ വിഭാഗങ്ങളും സമിതിയിൽ പ്രാതിനിധ്യം വഹിക്കുന്നു. ജിഫ്രി തങ്ങൾ, സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
സമസ്ത-ലീഗ് തർക്കം പരിഹരിക്കുന്നതിനായി ദീർഘകാലമായി നടക്കുന്ന ചർച്ചകളുടെ തുടർച്ചയായാണ് സമിതി രൂപീകരിച്ചത്. സമസ്തയുടെ നൂറാം വാർഷിക പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ, സംഘടനാ പ്രശ്നങ്ങൾ ഈ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ പ്രശ്നപരിഹാരം വേഗത്തിലാക്കാൻ നേതാക്കൾ തീരുമാനിച്ചു.
സമ്മേളനത്തിന്റെ വിജയത്തിനായുള്ള ഫണ്ട് സമാഹരണത്തെയും സംഘടനയിലെ തർക്കങ്ങൾ ബാധിച്ചിരുന്നു. 25 കോടി രൂപ ലക്ഷ്യമിട്ട് ആരംഭിച്ച ഫണ്ട് പിരിവിൽ 5 കോടി രൂപ മാത്രമാണ് ശേഖരിക്കാനായത്. ഈ പശ്ചാത്തലത്തിൽ, ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.