തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലിന് ഇരയായവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നാളെ വൈകുന്നേരം ഓണ്‍ലൈനായിട്ടാകും ക്യാബിനെറ്റ് ചേരുക. വീട് നിര്‍മ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടന്‍ ചേരുമെന്നാണ് വിവരം. സര്‍ക്കാരിന്റെ ആലോചനയിലുള്ള പദ്ധതിയായ ടൗണ്‍ഷിപ്പ് നിര്‍മ്മാണം എങ്ങനെ എന്നതടക്കം നാളെ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ടൗണ്‍ഷിപ്പ് നിര്‍മ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്‍പിക്കുമെന്നതിലും തീരുമാനമെടുത്തേക്കും. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന്റയും ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമപരിഹാരം കണ്ടെത്തലിലും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
അതേസമയം, ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിന് 2,000 കോടിയുടെ പാക്കേജാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് പ്രത്യേക പാക്കേജ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചത്. വയനാട് പുനരധിവാസത്തിനുള്ള പാക്കേജ് മുതല്‍ കേരളത്തിന് എയിംസ് അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള 27 ആവശ്യങ്ങളാണ് ധനമന്ത്രി മുന്നോട്ടു വെച്ചത്.