തിരുവനന്തപുരം: ചേലക്കര, പാലക്കാട് മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.എൽ.എമാരായ യു.ആർ പ്രദീപിനും രാഹുൽ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗിൽ ഉപഹാരം നല്കി സ്പീക്കർ എ.എൻ ഷംസീർ.
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഇരുവർക്കും ഭരണഘടനയും നിയമസഭാ ചട്ടങ്ങളും അടങ്ങുന്ന പുസ്തകങ്ങളാണ് ബാഗിൽ നൽകിയത്. ഇരുവർക്കുമുള്ള ബാഗ് എം.എൽ.എ ഹോസ്റ്റലിൽ എത്തിച്ചുവെന്നും നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നും സമ്മാനം ചര്‍ച്ചയായതോടെ സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു. ബാഗിന്റെ നിറത്തില്‍ അസ്വാഭാവികത ഇല്ല. ഉമാ തോമസിനും ചാണ്ടി ഉമ്മനും നല്‍കിയത് നീല നിറത്തിലുള്ള ട്രോളി ബാഗാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലാണ് ഇരുവരും ഇന്ന് ഉച്ചയോടെ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തത്. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.