താമരശ്ശേരി : അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കല്‍ സുബൈദ(52)യെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ ആഷിക്കി(25) നെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലിസ് ബുധനാഴ്ച താമരശ്ശേരി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെടുക.
പിതാവ് ഉപേക്ഷിച്ചസമയത്ത് ഒന്നരവയസ്സ് മാത്രമുള്ളതന്നെ നാളിത്രയും കാലം പാചകസഹായിയായും കൂലിവേലചെയ്തുമെല്ലാം വളര്‍ത്തി വലുതാക്കിയ ഉമ്മയെ മകന്‍ മുഹമ്മദ് ആഷിഖ് (25) കൊലപ്പെടുത്തിയത് ദേഹത്ത് തുരുതുരാവെട്ടിയാണ്. ആഴത്തിലുള്ള പതിനേഴുമുറിവുകളാണ് കൊടുവാള്‍ കൊണ്ടുള്ള വെട്ടില്‍ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരേസ്ഥലത്തുതന്നെ കൂടുതല്‍തവണ വെട്ടി എണ്ണം കൃത്യമായി നിര്‍ണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകള്‍. അതിനാല്‍ത്തന്നെ വെട്ടുകളുടെ എണ്ണം അതിലും കൂടുതലുണ്ടാവാമെന്ന നിരീക്ഷണമാണ് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട പ്രാഥമികറിപ്പോര്‍ട്ടിലുള്ളത്. വെട്ടുകളുടെ എണ്ണവും ആഴവും കൊലപാതകത്തിലെ പൈശാചികത വെളിപ്പെടുത്തുന്നു. മുറിവുകളിലേറെയും നല്ല ആഴത്തിലുള്ളതായിരുന്നു. വെട്ടേറ്റത് അധികവും കഴുത്തിനും തലയ്ക്കുമാണ്.
സുബൈദ കൊല്ലപ്പെട്ട വേനക്കാവിലെ വീടിന്റെ ചുറ്റുവട്ടത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യില്‍ കൊലപാതകത്തിന് മുന്‍പും ശേഷവുമുള്ള മുഹമ്മദ് ആഷിഖിന്റെ ചെയ്തികള്‍ പതിഞ്ഞ വീട്ടുമുറ്റത്തെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സുബൈദയെ കൊലപ്പെടുത്തുന്നതിനായി അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തേങ്ങ പൊതിക്കാനെന്ന പേരില്‍ കൊടുവാള്‍ വാങ്ങാന്‍പോവുന്നതിന്റെയും കൊടുവാളുമായി മടങ്ങുന്നതിന്റെയും കൊലയ്ക്കുശേഷം ചോരപുരണ്ട കൊടുവാള്‍ വീട്ടുമുറ്റത്തെ ടാപ്പില്‍വെച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സൈബര്‍ സെല്‍ സംഘം ശേഖരിച്ചത്.