കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ(എം) നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐയുടെ പരാതിയെ തുടർന്നാണ് നടപടി. വിദേശത്തുള്ള ആബിദ്, ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതായാണ് ആരോപണം.
ആബിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്, വി.എസിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നതായിരുന്നു എന്നാണ് പരാതി. പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ് പിൻവലിച്ചെങ്കിലും, അതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. താമരശ്ശേരിയിലെ ആബിദിന്റെ സ്ഥാപനത്തിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ബുധനാഴ്ച പ്രതിഷേധവുമായെത്തി പോസ്റ്ററുകൾ പതിച്ചു.
“എഫ്ഐആർ കിട്ടിയിട്ടുണ്ട്. ഏത് പോസ്റ്റാണ് അധിക്ഷേപകരമെന്ന് വ്യക്തമല്ല. വി.എസിനെ പരാമർശിച്ച എല്ലാ പോസ്റ്റുകളും എന്റെ വാളിൽ ഉണ്ട്. ‘കേരളം മുസ്ലിം രാജ്യമാക്കും’ എന്ന വി.എസിന്റെ 2010-ലെ പരാമർശം ഉദ്ധരിച്ചത് അധിക്ഷേപമാണെങ്കിൽ അദ്ദേഹം തിരുത്തുമായിരുന്നു. വെള്ളാപ്പള്ളിയും യോഗിയും ആ വാചകം ഉപയോഗിക്കുന്നത് അധിക്ഷേപമാണെങ്കിൽ, സഖാക്കൾ അവരോട് പറയരുതെന്ന് ആവശ്യപ്പെടുമായിരുന്നു. എം. സ്വരാജിന്റെ ‘ആയിരം ഇടവപ്പാതികൾ പെയ്തൊഴിഞ്ഞാലും ചില കനലുകൾ കെടാതെ കിടക്കും’ എന്ന വാക്കുകൾ ഉദ്ധരിച്ചതിനാണോ കേസ്? വ്യാജ പോസ്റ്റ് ഉണ്ടാക്കി കേസ് നൽകിയതാണോ എന്നും അറിയില്ല. കേസ് പഠിക്കട്ടെ, പാക്കലാം.”-ആബിദ് അടിവാരം
നേരത്തെ, വി.എസിനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യസീൻ അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐയുടെ പരാതിയെ തുടർന്നായിരുന്നു ഈ നടപടി. വി.എസിന്റെ മരണവാർത്തയ്ക്ക് പിന്നാലെ, അവഹേളന പരാമർശം നടത്തി വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട നഗരൂർ നെടുംപറമ്പ് സ്വദേശിയും അധ്യാപകനുമായ അനൂപിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് ജില്ലയിൽ, വി.എസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മൂന്ന് പേർക്കെതിരെ നീലേശ്വരം, കുമ്പള, ബേക്കൽ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.