- പരിയാരം ഗവ. മെഡിക്കൽ കോളജിലെ പാമ്പുശല്യം ഒഴിവാക്കാനുള്ള ചികിത്സ ഇഴയരുതെന്ന് കൂട്ടിരിപ്പുകാരും രോഗികളും
കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർ പാമ്പിനെയും പേടിക്കേണ്ട സ്ഥിതി. ആശുപത്രിയിൽ പാമ്പ് ശല്യം പതിവാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.
കഴിഞ്ഞ ദിവസം കാർഡിയോളജി സി ബ്ലോക്കിൽനിന്നും പാമ്പിനെ പിടികൂടിയതിന് പിന്നാലെ ഇന്നലെ നവജാത ശിശുക്കളുടെ ഐ.സി.യുവിനടുത്തുനിന്നും പാമ്പിനെ പിടികൂടി. അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഈ ഐ.സി.യുവിന് അടുത്തുവരെ പാമ്പുകളെത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.
ഐ.സി.യുവിന് പുറത്തെ കൂട്ടിരിപ്പുകാർ കിടക്കുന്ന വരാന്തയിലാണ് വെള്ളിവരയൻ പാമ്പിനെ കണ്ടെത്തിയത്. ആളുകൾ ഓടികക്കൂടി പാമ്പിനെ കൊല്ലുകയായിരുന്നു. ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന ആശുപത്രി പാമ്പുകൾ താവളമാക്കുന്നതിനെതിരേ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പാമ്പുശല്യം ഒഴിവാക്കാനുള്ള ഈ ചികിത്സ ഇഴയരുതെന്ന് കൂട്ടിരിപ്പുകാരും രോഗികളും ഒരുപോലെ ഓർമിപ്പിക്കുന്നു. ചികിത്സയ്ക്ക് എത്തുന്ന ആശുപത്രി പോലും സുരക്ഷിതമല്ലെന്നു വരുന്നത് എന്തുമാത്രം ഭീകരമാണെന്നും ഇവർ ചോദിക്കുന്നു.
പരിസരം വൃത്തിയായി സൂക്ഷിക്കാത്തതാണ് പാമ്പുകൾ ആശുപത്രി താവളമാക്കാൻ കാരണമെന്നാണ് പറയുന്നത്. ആശുപത്രിക്ക് ചുറ്റുമുളള വളളിപ്പടർപ്പിലൂടെ പാമ്പുകൾ അകത്തു കയറുന്നുവെന്നാണ് കരുതുന്നത്. ഉപയോഗശൂന്യമായ മരുന്നുകളും മറ്റു വസ്തുക്കളും മുകൾ നിലകളിൽ കൂട്ടത്തോടെ വലിച്ചെറിയുകയാണെന്നും ഇഴജന്തുക്കൾക്കും മറ്റും ഇത് കൂടുതൽ സൗകര്യമാവുകയാണെന്നും കൂട്ടിരിപ്പുകാർ സാക്ഷ്യപ്പെടുത്തുന്നു.