കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വേദിയിൽ നിന്നു വീണ് ഗുരുതര പരുക്കുമായി ഐ.സിയുവിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.
അബോധാവസ്ഥയിലായിരുന്ന എം.എൽ.എയുടെ ചികിത്സയിൽ ആശാവഹമായ പുരോഗതിയുണ്ടായതായാണ് വിലയിരുത്തൽ. മകൻ കയറി കണ്ടപ്പോൾ കണ്ണ് തുറന്നതായും കൈകാലുകൾ ചലിപ്പിച്ചതായും ബന്ധുക്കൾ പറഞ്ഞു.
ആരോഗ്യനിലയിൽ മാറ്റമുണ്ടെന്നും, ഇന്ന് രാവിലെ പത്തിന് മെഡിക്കൽ ബോർഡ് യോഗം ചേർന്നതിനു ശേഷമേ ചികിത്സയിൽ എത്രത്തോളം പുരോഗതി ഉണ്ടായി എന്നതടക്കമുള്ള കാര്യങ്ങളിൽ പൂർണ ചിത്രം ലഭിക്കൂവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരുക്കും കാരണം നിലവിൽ ഉമ തോമസ് വെന്റിലേറ്ററിൽ തന്നെയാണ് തുടരുന്നത്. ഇവിടെ നിന്നു മാറ്റാൻ കഴിയുമോ എന്നതടക്കം മെഡിക്കൽ സംഘം നിരീക്ഷിച്ചു വരികയാണ്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കമെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്.
അതേസമയം, പരിപാടിക്കായി വേദിയും പന്തലും ഒരുക്കിയ ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് നിർമിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സി.ഇ.ഒ ഷമീർ അബ്ദുറഹീം എന്നിവരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എം.ഡി നിഘോഷ് കുമാർ, ഇവന്റ് മാനേജ്‌മെന്റ് ഉടമ പി.എസ് ജനീഷ് എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി ഒളിവിലാണിപ്പോൾ.
പതിനായിരത്തിലേറെ പേർ പങ്കെടുത്ത നൃത്തപരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയും ക്രമക്കേടുമുണ്ടായതയാണ് റിപോർട്ടുകൾ. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകോളോ പാലിച്ചിരുന്നില്ല.
നടത്തിപ്പിൽ സംഘാടകർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. സംഘാടകരായ മൃദംഗവിഷൻ, നൃത്തപരിപാടിക്ക് എത്തിയവരിൽനിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ലെന്ന് പരാതിയുണ്ട്. സംഭവത്തിൽ കുറ്റമറ്റ നടപടിയുണ്ടാകുമെന്ന് പോലീസ് പ്രതികരിച്ചു.