- തനിക്കൊരു ഗോഡ് ഫാദറും ഇല്ല, എന്താണ് തന്റെ അയോഗ്യതയെന്നും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ ആരോപണങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കുഴപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്റെ അറിവോടെയാണെന്ന ബി.ജെ.പി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ ആരോപണങ്ങൾ ശോഭാ സുരേന്ദ്രൻ നിഷേധിച്ചു.
കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സതീശൻ തന്നോട് പറഞ്ഞിട്ടില്ല. തനിക്കെതിരെ പറഞ്ഞ കാര്യങ്ങളുടെ തിരക്കഥ എ കെ ജി സെൻററിൽനിന്നും എഴുതിക്കൊടുത്തതാണ്. എ കെ ജി സെന്ററിലെ തിരക്കഥയുടെ നാവ് മാത്രമാണ് സതീശെന്നും ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബി ജെ പി ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയത്തിലേക്ക് പോകവെ രാഷ്ട്രീയ ടൂളുമായി ഇറങ്ങിയിരിക്കുകയാണ് സി പി എം. ഇതിന് പിന്നിൽ എ കെ ജി സെന്ററും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം പല നേതാക്കളും വിളിച്ചുവെന്നാണ് സതീശൻ പറയുന്നത്. എന്തുകൊണ്ടാണ് അവരുടെ പേരുവിവരം വെളിപ്പെടുത്താത്തത്. ഏത് നമ്പറിൽ നിന്നാണ് സതീശൻ തന്നെ വിളിച്ചത്. അതിന്റെ കോൾലിസ്റ്റ് ഹാജരാക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റാകാൻ സതീശിനെ കൊണ്ട് ശോഭാ സുരേന്ദ്രൻ പറയിപ്പിക്കുകയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശോഭയെ നൂലിൽകെട്ടി ഇറക്കി വിട്ടതല്ല. ദേശീയതലത്തിൽ പോലും ചുമതല വഹിച്ചിട്ടുണ്ട്. സതീശിനെ കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിപ്പിച്ച് പ്രസിഡന്റാവാൻ മാത്രം ആരാണ് ഇയാളെന്നും ശോഭ ചോദിച്ചു. കേസുകൾ തനിക്ക് പുത്തരിയല്ല. നല്ല തന്റേടത്തോടെ, ലാത്തിച്ചാർജുവരെ നേരിട്ടിട്ടുണ്ട്. തനിക്കൊരു ഗോഡ് ഫാദറും ഇല്ല. പ്രവർത്തകർക്കൊപ്പം ശാരീരിക പ്രതിസന്ധികൾ പോലും നോക്കാതെ നിന്ന ആളാണ് എന്താണ് തന്റെ അയോഗ്യതയെന്നും അവർ ചോദിച്ചു.