കോഴിക്കോട്– ഓർമ്മ ദിനത്തിൽ ശിഹാബ് തങ്ങളെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ സുധ മേനോൻ. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഇപ്പോഴും അനന്യമായ ഒരു ചെറുതുരത്തായി നിലനിൽക്കുന്നതിന്റെ കാരണം ശ്രദ്ധാപൂർവ്വം ഉണർന്നു പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ-സാമുദായിക നേതാക്കൾ ഈ നാട്ടിൽ ഉണ്ടായിരുന്നതുകൊണ്ടാണെന്നും അവർ പറഞ്ഞു.
1975 മുതൽ 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്ട്രീയപാർട്ടി സംസ്ഥാന അധ്യക്ഷനായും ആത്മീയ നേതാവായും, മികച്ച സാമൂഹ്യപ്രവർത്തകനായും പ്രവർത്തിച്ച ശിഹാബ് തങ്ങളുടെ സംഭാവനകളും കേരള സമൂഹത്തിലെ ലീഗിന്റെ സംഭാവനകളും പ്രത്യേകം പരാമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് എഴുത്തുകാരി കുറിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വൈവിധ്യങ്ങളെയും മതസ്വത്വങ്ങളെയും പരസ്പരം ആദരിക്കുന്ന സഹജീവിതമാണ് ഏതൊരു ബഹുസ്വരസമൂഹത്തിന്റെയും നിലനിൽപ്പിന് അനിവാര്യം. അയൽക്കാരനെ ‘അപരനായി’ കാണാൻ തുടങ്ങുന്നതോടെയാണ് അവിശ്വാസത്തിന്റെയും, അന്യവൽക്കരണത്തിന്റെയും, വെറുപ്പിന്റെയും വിത്തുകൾ മനുഷ്യർക്കിടയിൽ മുള പൊട്ടുന്നത്. ആ വിത്തുകൾ പിന്നീട് വലിയ വർഗീയകലാപങ്ങളായി മാറുന്നു. മുറിവുകൾ ഉണ്ടാക്കാൻ എളുപ്പമാണ്. പഴുത്തു വ്രണമായാൽ ചികിത്സ എളുപ്പമല്ല.
ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം ഇപ്പോഴും അനന്യമായ ഒരു ചെറുതുരുത്തായി നിലനില്‍ക്കുന്നതിന്റെ കാരണം മുറിവുകള്‍ പഴുത്ത് വ്രണമാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം ഉണര്‍ന്നു പ്രവര്‍ത്തിച്ച വിവേകശാലികളായ രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ ഇന്നാട്ടില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ’ എന്ന് കുമാരനാശാന്‍ എഴുതിയതും ഇതുപോലുള്ള മനുഷ്യരെക്കുറിച്ചാണ്. പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അങ്ങനെയുള്ള ഒരപൂര്‍വ മനുഷ്യനായിരുന്നു
നിരവധി അടരുകൾ ഉള്ള വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേത് . 1975 മുതൽ 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു. അദ്ദേഹം ഒരേ സമയം ആത്മീയനേതാവും, എഴുത്തുകാരനും, ബഹുഭാഷാ പണ്ഡിതനും, മികച്ച സാമൂഹ്യപ്രവർത്തകനും ആയിരുന്നു. ദിവസേന വിദൂരദിക്കുകളിൽ നിന്നു പോലും തങ്ങളെ തേടിവരുന്ന സാധാരണ മനുഷ്യർക്ക് അദ്ദേഹം എന്നും അഭയവും, വഴിവിളക്കുമായി. പേരറിയാത്ത ആ മനുഷ്യർക്ക് വേണ്ടി കൊടപ്പനക്കൽ തറവാട്ടിലെ ഗേറ്റുകൾ എന്നും തുറന്നിട്ടു.
കാറ്റും കോളും നിറഞ്ഞ മുന്നണി രാഷ്ട്രീയത്തിൽ പൊട്ടിത്തെറിക്കുകയോ ആക്രോശിക്കുകയോ ചെയ്യാതെ തന്നെ, സൌമ്യമായും പക്വമായും സ്വന്തം പാർട്ടിയുടെയും ഐക്യമുന്നണിയുടെയും താല്പര്യങ്ങൾ സംരക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുസ്ലിങ്ങൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും, സാംസ്‌കാരികമായും ഉയർന്നു നിൽക്കുന്നതിനുള്ള ചാലകശക്തിയായി ലീഗിനെ പരിവർത്തനപ്പെടുത്തുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചു.
പക്ഷെ, സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന മനുഷ്യനെ ആധുനിക കേരള ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടത് ഈ സംഭാവനകൾ കാരണം മാത്രമല്ല. ഏറ്റവും സ്ഫോടനാത്മകമായ ഒരു പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം കാണിച്ച സംയമനത്തിൻറെയും വിവേകത്തിന്റേയും ഉദാത്തമായ മതേതര മാനവികതയുടെയും കൂടി പേരിലാണ്. ബാബറിമസ്ജിദിന്റെ തകർച്ച ഇന്ത്യൻ മുസ്ലിങ്ങളിൽ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം അദ്ദേഹം തടഞ്ഞു. വിഭിന്ന മതവിശ്വാസികൾ ജീവിക്കുന്ന ഒരു നാട്ടിൽ, രാഷ്ട്രീയ-സാമൂദായിക നേതാക്കൾ തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന ദീർഘദർശിത്വവും ആത്മസംയമനവും ശിഹാബ് തങ്ങൾക്കുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിൽ പലയിടത്തും കലാപങ്ങൾ ഉണ്ടായപ്പോഴും കേരളം സമാധാനത്തിന്റെ ഒറ്റനക്ഷത്രമായി വെളിച്ചം നൽകി. തീവ്രവാദങ്ങൾക്ക് നേരെ അദ്ദേഹം അതിശക്തമായ പ്രതിരോധമുയർത്തി. അതുകൊണ്ടാണ് ശിഹാബ് തങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞ ദിവസം- 2009 ആഗസ്റ്റ് ഒന്നാം തിയതി- ഇന്ത്യൻ എക്സ്പ്രസ് പത്രം എഴുതിയ മുഖപ്രസംഗത്തിൽ അദ്ദേഹത്തെ ‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ പ്രവാചകൻ’ എന്ന് മനോഹരമായി വിശേഷിപ്പിച്ചത്.
അക്കാലത്ത് തങ്ങൾ പ്രഖ്യാപിച്ചത് അതുപോലെ അനുസരിച്ച അദ്ദേഹത്തിന്റെ അനുയായികൾ സഹോദരസമുദായങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ ഒരൊറ്റ കല്ല് പോലും എറിഞ്ഞില്ല. ശിഹാബ് തങ്ങളുടെ പക്വമായ ഇടപെടലും, കഠിനാധ്വാനവും, ഊർജ്ജവും ആണ് ലീഗിനെയും ഐക്യ ജനാധിപത്യ മുന്നണിയെയും ആ പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചത്. പിന്നീട്, 2007ൽ മലപ്പുറം ജില്ലയിലെ അങ്ങാടിപുറത്ത് തളി മഹാദേവക്ഷേത്രത്തിന്റെ ഗോപുരവാതിൽ സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കിയപ്പോൾ, ആ തീ സമൂഹത്തിലേക്ക് പടർന്നു പിടിക്കാതെ കെടുത്താൻ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങൾ അതിവേഗം മുന്നിട്ടിറങ്ങി.
തകർന്നുപോയ ഗോപുരവാതിലിന്റെ പുനരുദ്ധാരണത്തിന് ആദ്യത്തെ സംഭാവന നൽകിയതും തങ്ങൾ ആയിരുന്നു.
ബഹുസ്വര-മതേതര ജനാധിപത്യത്തിന്റെ വഴികൾ നേർരേഖ പോലെ തെളിഞ്ഞതല്ലെന്നും, മുന്നിൽ ഇരുട്ട് നിറയുമ്പോൾ തിരിച്ചറിവിന്റെ വിളക്ക് കത്തിച്ചുകൊണ്ട് വീണ്ടും വഴി കണ്ടുപിടിക്കേണ്ടത് പൌരന്മാരും, സമുദായങ്ങളും, വിവിധ രാഷ്ട്രീയപാർട്ടികളും,മാധ്യമങ്ങളും, പൊതുസമൂഹവും ഒന്നിച്ചു നിന്നു കൊണ്ടാണ് എന്നും അദ്ദേഹം ജീവിതകാലം മുഴുവൻ പറഞ്ഞുകൊണ്ടേയിരുന്നു.
അങ്ങനെ സഹജീവനത്തിന്റെ സാധ്യതകളെ ശിഹാബ് തങ്ങൾ എപ്പോഴും ശക്തിപ്പെടുത്തി.
ശിഹാബ് തങ്ങളെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ മനസിലേക്ക് കടന്നു വരുന്നത് മഹാകവി അക്കിത്തത്തിന്റെ വരികളാണ്..
‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ്ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിർമ്മലപൗർണ്ണമി…’
രാഷ്ട്രീയത്തിലും, സാമൂഹ്യപ്രവർത്തനത്തിലും ആത്മീയതയുടെയും, സ്നേഹത്തിന്റെയും മാനവികതയുടെയും നിലാവ് പടർത്തിയ ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ ദീപ്ത സ്മരണങ്ങൾക്ക് മുന്നിൽ പ്രണമിക്കാം.