കൊച്ചി– താമരശ്ശേരി പത്താംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തി കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികള്‍ക്കും ജാമ്യം നല്കി ഹൈക്കോടതി. അന്യേഷണവുമായി സഹകരിക്കുമെന്ന് ഇവരുടെ രക്ഷിതാക്കള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്.
തുടര്‍ പഠനത്തിന് അനുമതി തേടി ഇവര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ ഇടപെടലില്‍ ആറുപേരും പ്ലസ് വണ്‍ പ്രവേശനം നേടി. മൂന്നു പേര് താമരശ്ശേരി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും മറ്റുള്ളവര്‍ വേറെ സ്കൂളിലുമാണ് പ്രവേശനം നേടിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് താമരശ്ശേരി സ്വകാര്യ ട്യൂഷന് സെന്ററില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് എളേറ്റില്‍ ജി.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ മാര്‍ച്ച് ഒന്നിനാണ് ഷഹബാസ് മരിച്ചത്.