കോഴിക്കോട്– പേരാമ്പ്രയിൽ പോലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിൽ, ലോക്‌സഭാ സ്പീക്കർക്കും പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി സമർപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കോഴിക്കോട് റൂറൽ എസ്പി കെ.ഇ. ബൈജുവിനെതിരെയും പരാതിയിൽ ആരോപണമുണ്ട്.
റൂറൽ എസ്പി സംഭവം ദൗർഭാഗ്യകരമാണെന്ന് ഫോണിൽ സമ്മതിച്ചെങ്കിലും പിന്നീട് പരസ്യമായി നിഷേധിച്ചതായി പരാതി ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ വസ്തുതകൾ വളച്ചൊടിച്ചതായും എംപി ആരോപിക്കുന്നു.
പേരാമ്പ്രയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കവേയാണ് സംഭവം. ക്രമസമാധാന പ്രശ്നങ്ങളില്ലാതിരുന്നിട്ടും പോലീസ് അനാവശ്യമായി ഇടപെട്ടതാണ് സ്ഥിതി വഷളാക്കിയതെന്ന് പരാതിയിൽ പറയുന്നു. സംഭവസമയത്ത് ഡിവൈഎസ്പിമാരായ എൻ. സുനിൽകുമാറും ഹരിപ്രസാദും സ്ഥലത്തുണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി ശിക്ഷാ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
നേരത്തെ, കോൺഗ്രസ് ഡിജിപിക്കും പരാതി നൽകിയിരുന്നു. നടപടി ഉണ്ടായില്ലെങ്കിൽ റൂറൽ എസ്പിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ലാത്തിയടിയിൽ മൂക്കിന്റെ എല്ല് പൊട്ടിയ ഷാഫി പറമ്പിൽ തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടേക്കുമെന്നാണ് വിവരം.