തലശ്ശേരി-സമാധാനം ആഗ്രഹിക്കുന്ന നാട്ടിലെന്തിനാണ് ബോംബെന്നും ഇതിന്റെ ഉത്തരവാദിത്വം ഇവിടുത്തെ പോലീസ് ഏറ്റെടുക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എരഞ്ഞോളി കുടക്കളത്ത് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി വൃദ്ധന്‍ മരിച്ച വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി.
തെരഞ്ഞെടുപ്പ് സമയത്ത് പോലും ബോംബ് നിര്‍മ്മിച്ച് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിച്ച സംഭവം നാട് മുഴുവന്‍ ചര്‍ച്ച ചെയതു. ഇത്തരം സംഭവങ്ങള്‍ നിര്‍ത്തണമെന്ന് നമ്മള്‍ ആവശ്യപ്പെട്ടു. എന്നിട്ടും ഇത് നിര്‍ത്താന്‍ സി.പി.എമ്മിനായില്ല. ബോംബ് ഉണ്ടാക്കുന്ന പതിവ് നിര്‍ത്താന്‍ ഭാവമില്ല എന്നതിന്റെ തെളിവാണ് എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വൃദ്ധന്‍ മരിക്കാനിടയായതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മണിയൂരിലും കൂത്തുപറമ്പിലും തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. എന്ത് നടപടിയാണ് പോലീസ് സ്വീകരിച്ചതെന്ന് പറയണം.
വടകരയില്‍ ആര്‍.എം.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല. പാനൂരില്‍ ബോംബ് പൊട്ടി സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചത്.
സമാധാനം ആഗ്രഹിക്കുന്നവരുടെ മേലെ അടിച്ചേല്‍പ്പിക്കുകയാണ് ബോംബ്. ഇവിടെ പോലീസ് പ്രവര്‍ത്തിക്കണം. ബോംബ് പൊട്ടി നിരപരാധികള്‍ ഉള്‍പ്പെടെ മരിക്കുമ്പോള്‍ നടപടി സ്വീകരിക്കാതെ പോലീസ് നോക്കുകുത്തിയാവുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് പാവം വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ചത.് ഇനിയെങ്കിലും മുഖമം നോക്കാതെ നടപടിയെടുക്കണം. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്കും അവരുടെ പാര്‍ട്ടിക്കുമില്ലെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.