കൊച്ചി – പി വി അന്‍വര്‍ എം എല്‍ എയുടെ ആലുവ ഹോട്ടലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ കെട്ടിട ഉടമയായ അന്‍വറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ആലുവ ഹോട്ടലിലെ ലഹരിപ്പാര്‍ട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടല്‍. ഒരു മാസത്തിനുള്ളില്‍ പരാതി പരിശോധിച്ച് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം നല്കി. കേസില്‍ പി വി അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസെടുത്തിരുന്നത്. ഇതിനെതിരായി നല്കിയ ഹര്‍ജിയിലാണ് നടപടി.
2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെ റിസോര്‍ട്ടില്‍ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. സംഭവത്തില്‍ പി വി അന്‍വറിനെ ഒഴിവാക്കിയാണ് കുറ്റപത്രം എക്സൈസ് സമര്‍പ്പിച്ചത്. ഇത് ചോദ്യം ചെയ്ത് മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.