- പോലീസ് മെഡലിൽ ഗുരുതര പിശകുണ്ടായിട്ടും യഥാസമയം പരിഹരിച്ചില്ലെന്ന് വിമർശം
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലിൽ ഗുരുതര അക്ഷരപ്പിശകുകൾ.
264 പോലീസ് ഉദ്യോഗസ്ഥർക്കാണ് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ വച്ച് ഇന്നലെ മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്. ഇതിൽ പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകളാണെന്നാണ് വിവരം.
‘മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ്’ എന്നാണ് മെഡലിൽ മുദ്രണം ചെയ്തത്. മെഡലിൽ ഗുരുതര പിശകുണ്ടായിട്ടും അത് യഥാസമയം കണ്ടെത്താനോ പരിഹരിക്കാനോ ബന്ധപ്പെട്ടവർക്കായില്ല. മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള അഭ്യന്തര വകുപ്പിന് കീഴിൽ ഇത്രയും വലിയൊരു വീഴ്ചയുണ്ടായത് എന്തുകൊണ്ടാണെന്നും ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തെ നിസ്സാരമായി കാണാനാവില്ലെന്നും പറയുന്നു. സർക്കാറിന്റെ പോലീസ് രാജിനെതിരെ ഗുരുതര വിമർശങ്ങൾ ഉയരുന്നതിനിടെയാണ് മികച്ച സേവനം കാഴ്ചവെച്ച് മാതൃകയായ ഉദ്യോഗസ്ഥർക്കു നൽകുന്ന മെഡലിൽ പോലും അഭ്യന്തര വകുപ്പിന് തെറ്റുകൂടാതെ കാര്യങ്ങൾ ചെയ്യാനാകുന്നില്ലെന്ന വിമർശം്.
അതിനിടെ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും തൃശൂർ പൂരം കലക്കലിലും അടക്കം അന്വേഷണം നേരിടുന്ന ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുള്ള മെഡൽ ഡി.ജി.പി ഷെയ്ക് ദർവേഷ് സാഹിബിന്റെ നിർദേശമനുസരിച്ച് തൽക്കാലത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണ്.