ബംഗളൂരു: നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് ഫൈസിയെ ഇഡി കസ്റ്റഡിയിലെടുത്തത്.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനാലാണ് ഫൈസിയെ അറസ്റ്റ് ചെയ്‌തത് എന്നാണ് ഇ.ഡി പറയുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസ് തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
ഇഡി ആസ്ഥാനത്ത് ഹാജരാവാന്‍ എം കെ ഫൈസിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെന്നും അവിടേക്ക് പോവും വഴി ഡൽഹിയിൽ വച്ചാണ് അറസ്‌റ്റെന്നും എസ്ഡിപിഐ വൃത്തങ്ങള്‍ പറഞ്ഞു.