കോഴിക്കോട്– സ്കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശങ്ങളുമായി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. രാവിലെ 15 മിനിറ്റ് അധികമാക്കുന്നതിനു പകരം വൈകിട്ട് അര മണിക്കൂർ വർധിപ്പിക്കാമെന്ന് സമസ്‌ത അഭിപ്രായപ്പെട്ടു. കൂടാതെ, പാദവാർഷികം, അർധവാർഷികം കഴിഞ്ഞുള്ള അവധിദിനങ്ങൾ പ്രവൃത്തി ദിനങ്ങളാക്കാൻ കഴിയും എന്നാണ് സമസ്‌തയുടെ മറ്റൊരു നിർദേശം.
സർക്കാരുമായി നടന്ന ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമർപ്പിച്ചതിനുപിന്നാലും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമസ്‌തയും അതിന്റെ പോഷകസംഘടനകളും സംയുക്ത സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നത്. സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി സമസ്‌ത മുൻകൂട്ടി നിവേദനം നൽകിയിരുന്നു.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സമസ്‌ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ഫോൺ സംഭാഷണത്തിലൂടെ ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നു.അതേസമയം, സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ലെന്നതിലാണ് മന്ത്രിയുടെ ഉറച്ച നിലപാട്. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും അവസാന തീരുമാനം. വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനെതിരെ സമസ്‌തയും അതിന്റെ പോഷകസംഘടനയായ കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷനും പ്രതിഷേധം ശക്തമാക്കാൻ തയ്യാറെടുക്കുകയാണ്. ഏകദേശം 12 ലക്ഷത്തോളം വിദ്യാർഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രം പഠിക്കുന്നതിനാൽ, അവരുടെ പഠനം ബാധിക്കുന്ന കാര്യങ്ങളിൽ പിന്നോട്ടില്ല എന്ന നിലപാടിലാണ് സമസ്‌ത.