അടിമാലി: സ്‌കൂളിൽനിന്ന് ടൂർ പോയ വിദ്യാർത്ഥികൾ കഞ്ചാവ് ബീഡി കത്തിക്കാൻ എത്തിയത് എക്‌സൈസ് ഓഫീസിൽ. തൃശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദ യാത്ര പോയ സംഘത്തിലെ വിദ്യാർത്ഥികളാണ് എക്‌സൈസ് ഓഫീസിലെത്തിയത്.
വർക്ക് ഷോപ്പാണെന്ന് കരുതിയാണ് എക്‌സൈസ് ഓഫീസിലേക്ക് കയറിച്ചെന്ന് കഞ്ചാവ് ബീഡി കത്തിക്കാൻ തീ ചോദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഒരു കുട്ടിയിൽ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഇവർക്ക് കൗൺസലിങ്ങും നൽകിയതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശേഷം അധ്യാപകർക്കൊപ്പം കുട്ടികളെ വിട്ടയച്ചു.
കേസിൽ പിടിച്ച വാഹനങ്ങൾ ഓഫീസിന്റെ പിറകുവശത്ത് കിടക്കുന്നതുകണ്ട് വർക്കു ഷോപ്പാണെന്ന് കരുതിയാണ് കുട്ടികൾ കയറിയതെന്നും തങ്ങളുടെ യൂനിഫോം കണ്ടതോടെ വിദ്യാർത്ഥികൾ പരിഭ്രമിച്ചെന്നും പിന്നീടവർ കാര്യം തുറന്നു സമ്മതിക്കുകയായിരുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. കുട്ടികളുടെ രക്ഷിതാക്കളെയും വിളിപ്പിച്ച് കാര്യങ്ങൾ ധരിപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.