മുക്കം: ലോകപരിസ്ഥിതി ദിനത്തിൽ ഔഷധ സസ്യങ്ങൾ നട്ടും ഔഷധ ഫാക്ടറിയിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചും കക്കാട് ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ.
ആരോഗ്യ-പരിസ്ഥിതി ബോധം വളർത്തുന്നതിനായി മുക്കം താഴെക്കോട് വില്ലേജിലെ കച്ചേരി ഹെർമാസ് യൂനാനി ഹെർബൽ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലേക്കായിരുന്നു ഫീൽഡ് ട്രിപ്പ്.
നമ്മുടെ ചുറ്റുമുള്ള വിവിധ സസ്യങ്ങളുടെ കായും പൂവും വേരും കമ്പുമെല്ലാം ഉപയോഗിച്ച് നിർമിച്ച വിവിധ യൂനാനി മരുന്നുകളും ഗുളികകളും ലേഹ്യവുമെല്ലാം അവിടെ ഉണ്ടായിരുന്നു. ഇവ ശാസ്ത്രീയമായി ഉണ്ടാക്കുന്ന വിവിധ ഘട്ടങ്ങളും അവയുടെ ലാബ് പരിശോധന മുതൽ പാക്കിംഗ് വരെയുള്ള വിവിധ പ്രോസസിംഗ് രീതികളുമെല്ലാം കമ്പനി അധികൃതർ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു.
മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളുമായി ബന്ധപ്പെട്ട രോഗത്തിനുള്ള ചികിത്സ, പ്രകൃതിദത്ത ഉൽപ്പന്നങ്ങളിലൂടെ പാർശ്വഫലങ്ങളിലാതെ എങ്ങനെ ചികിത്സ നടത്താം, രോഗപ്രതിരോധ ശേഷി കൂട്ടാൻ ആവശ്യമായത്, ജീവിതശൈലി വൈകല്യങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം ആവശ്യമായ മരുന്നുകളാണ് ഇവിടെ ശാസ്ത്രീയമായി തയ്യാറാക്കുന്നത്.
പ്രൊഡക്ഷൻ മാനേജർ റഷാദ് കെ.ടി പ്രവർത്തനങ്ങൾ വിശദീകരിച്ച് സംശയങ്ങൾക്ക് മറുപടി നൽകി.
യു.എൽ.സി.സി സഹകരണത്തോടെ ഔഷധ സസ്യങ്ങളും നട്ടു. സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി വൈസ് ചെയർമാൻ മുനീർ പാറമ്മൽ, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് പി.പി ഷഹനാസ് ബീഗം, സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ്, അധ്യാപകരായ ഷാക്കിർ പാലിയിൽ, ജി ഷംസുദ്ദീൻ, അബ്ദുറഹീം നെല്ലിക്കാപറമ്പ്, യു.എൽ.സി.സി സൈറ്റ് സൂപ്പർവൈസർ സിൽജോ ദേവസ്യ, ലിജീഷ് സി.കെ, റനിൽ ടി.കെ, അരുൺ തുടങ്ങിയവർ നടീൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group