തിരുവനന്തപുരം – മേയര്‍ -ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എക്കും എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം എടുത്ത കേസില്‍ പോലീസ് ഉള്‍പ്പെടുത്തിയത് ഗുരുതര വകുപ്പുകള്‍. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മേയറും സച്ചിന്‍ദേവ് എംഎല്‍എയും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും സച്ചിന്‍ദേവ് എം എല്‍ എ യാത്രക്കാരെ അധിക്ഷേപിച്ചുവെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്.
മേയറുടെ പരാതിയില്‍ കേസെടുത്ത പോലീസ് തന്റെ പരാതി അവഗണിച്ചു എന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ ആരോപണം. യദുവിന്റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. മേയര്‍ ആര്യാ രാജേന്ദ്രന്, സച്ചിന്‍ദേവ് എം എല്‍ എ, ആര്യ രാജേന്ദ്രന്റെ സഹോദരന്, സഹോദരന്റെ ഭാര്യ തുടങ്ങി അഞ്ച് പേര്‍ക്ക് എതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
നേരത്തെ യദുവിന്റെ അഭിഭാഷകന്റെ ഹര്‍ജിയില്‍ പോലീസ് കേസടുത്തെങ്കിലും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പുതിയ കേസില്‍ മേയര്‍ക്കും കുടുംബത്തിനുമെതിരെ ജാമ്യമില്ല വകുപ്പാണ് ചുമത്തിയത്. പ്രതികള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എം എല്‍ എ സച്ചിന് ദേവ് ബസില്‍ അതിക്രമിച്ചുകയറി യാത്രക്കാരെ അധിക്ഷേപിച്ചെന്നും എഫ് ഐ ആറില്‍ പറയുന്നു. പുതിയ കേസില്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിക്കും.