മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ടും ജാമിഅ: അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ ചെയർമാനുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനിക്ക് സൗദി ഗവൺമെന്റിന്റെ വിശിഷ്ട അതിഥിയായി ഹജ്ജ് നിർവഹിക്കാൻ അവസരം. മലപ്പുറം പുളിക്കൽ സ്വദേശികളായ പി.എൻ. മമ്മദിന്റെയും ആയിഷയുടെയും മകനാണ് അദ്ദേഹം.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികൾക്ക് ഓരോ വർഷവും ഹജ്ജിന് ക്ഷണം നൽകാറുണ്ട്. ഇന്ത്യയിൽ നിന്ന് ഈ വർഷം ഏകദേശം 50 പേർക്കാണ് ഈ അവസരം ലഭിച്ചത്. യാത്ര, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും സൗദി രാജാവിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൽകുന്നത്.
മെയ് 27-ന് അബ്ദുൽ ലത്തീഫ് മദനി ഡൽഹിയിലെത്തും. മെയ് 28-ന് സൗദി അംബാസഡറുടെ നേതൃത്വത്തിൽ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് നടക്കും. അന്നുതന്നെ ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനം പുറപ്പെടും. മടക്ക യാത്രയും ഡൽഹിയിലേക്കാണ്. ഹജ്ജിന്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കും.