ജിദ്ദ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനീൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുന്നതിനിടെ നയതന്ത്ര പ്രതിനിധി സംഘത്തിനു നേരെ ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
അറബ്, വിദേശ രാജ്യങ്ങളുടെ അംബാസഡർമാരും പ്രതിനിധികളും ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെ ബുധനാഴ്ചയാണ് ഇസ്രായിൽ വെടിവെപ്പ് നടത്തിയത്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന നയതന്ത്ര ദൗത്യങ്ങൾക്കും ദുരിതാശ്വാസ സംഘടനകൾക്കും സാധാരണക്കാർക്കും എതിരായ ഇസ്രായിലിന്റെ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് യു.എൻ രക്ഷാ സമിതിയിലെ സ്ഥിരം അംഗങ്ങളോട് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇസ്രായിലിന്റെ തുടർച്ചയായ കുറ്റകൃത്യങ്ങളിലും അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നതിലും കണക്കു ചോദിക്കാനുള്ള സംവിധാനങ്ങൾ അന്താരാഷ്ട്ര സമൂഹം സജീവമാക്കണമെന്ന ആഹ്വാനം സൗദി അറേബ്യ ആവർത്തിച്ചു.
നയതന്ത്ര പ്രതിനിധി സംഘം ജെനീനിൽ എത്തി ഫലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയാണ് അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കാൻ പോയത്. നാലു മാസത്തിലേറെയായി ഇസ്രായിൽ പൂർണമായും കൈവശപ്പെടുത്തിയിരിക്കുന്നതും മിക്ക കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടതുമായ ക്യാമ്പാണിത്. സന്ദർശനത്തിനിടെ പ്രതിനിധി സംഘത്തിനു നേരെ ഇസ്രായിൽ സേന അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് ആരംഭിച്ചതോടെ പ്രതിനിധി സംഘം സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണിച്ചു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഈജിപ്ത്, ജോർദാൻ, മൊറോക്കൊ, യൂറോപ്യൻ യൂനിയൻ, പോർച്ചുഗൽ, ചൈന, ഓസ്ട്രിയ, ബ്രസീൽ, ബൾഗേറിയ, തുർക്കി, സ്‌പെയിൻ, ലിത്വാനിയ, പോളണ്ട്, റഷ്യ, തുർക്കി, ജപ്പാൻ, റൊമാനിയ, മെക്‌സിക്കോ, ശ്രീലങ്ക, കാനഡ, ഇന്ത്യ, ചിലി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ അംബാസഡർമാരും മറ്റു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച തൂൽകറം നഗരവും അവിടുത്തെ അഭയാർഥി ക്യാമ്പുകളും ഇതേ പ്രതിനിധി സംഘം സന്ദർശിച്ചിരുന്നു.
ജെനീന് സമീപം നയതന്ത്ര പ്രതിനിധികൾക്കു നേരെ വെടിവെപ്പ് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശ നയ മേധാവി കാജ കല്ലാസ് ഇസ്രായിലിനോട് ആവശ്യപ്പെട്ടു. അംഗീകൃത നയതന്ത്ര പ്രതിനിധി സംഘത്തെ ഇസ്രായിൽ സൈന്യം മനഃപൂർവം വെടിവെക്കുകയായിരുന്നെന്ന് ഫലസ്തീൻ വിദേശ മന്ത്രാലയം ആരോപിച്ചു. മാസങ്ങളായി ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ നേരിട്ട് കാണാനാണ് നയതന്ത്ര സംഘം പ്രദേശത്തേക്ക് പോയതെന്ന് യൂറോപ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. അംഗീകൃത പാതയിൽ നിന്ന് പ്രതിനിധി സംഘം വ്യതിചലിച്ചതായി ഇസ്രായിൽ സൈന്യം പറഞ്ഞു. ഇത് അവർക്ക് അനുവാദമില്ലാത്ത പ്രദേശത്തു നിന്ന് അവരെ അകറ്റി നിർത്താൻ വേണ്ടി മുന്നറിയിപ്പ് വെടിവെപ്പ് നടത്താൻ സൈന്യത്തെ പ്രേരിപ്പിച്ചു. വെടിവെപ്പ് മൂലമുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായിൽ സൈന്യം പറഞ്ഞു.
നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ വെടിവെപ്പിനു ശേഷം, ബെൽജിയം ഇസ്രായിലിൽ നിന്ന് ബോധ്യപ്പെടുത്തുന്ന വിശദീകരണം ആവശ്യപ്പെട്ടു. സംഭവിച്ചതിൽ സംയുക്തമായ പ്രതികരണം ഏകോപിപ്പിക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വെടിവെപ്പിനെ ശക്തമായി അപലപിക്കുന്നതായും സ്‌പെയിൻ പറഞ്ഞു. ഇറ്റാലിയൻ വിദേശ മന്ത്രി അന്റോണിയോ തജാനി റോമിലെ ഇസ്രായിൽ അംബാസഡറെ വിളിച്ചുവരുത്തി നയതന്ത്രജ്ഞർക്കെതിരായ ഭീഷണികൾ സ്വീകാര്യമല്ലെന്ന് പറഞ്ഞു. ഇസ്രായിൽ അംബാസഡറെ വിളിച്ചുവരുത്തുമെന്ന് ഫ്രാൻസും പറഞ്ഞു. പ്രകോപനമില്ലാതെ നടത്തിയ വെടിവെപ്പ് പ്രശ്‌നം ഇസ്രായിൽ വിദേശ മന്ത്രിക്കു മുന്നിൽ ജർമൻ വിദേശ മന്ത്രി ജോഹാൻ വാഡെഫുൾ ഉന്നയിക്കുമെന്ന് ജർമനിയും പറഞ്ഞു.
സംഭവം എല്ലാ നയതന്ത്ര മാനദണ്ഡങ്ങളും ലംഘിക്കുന്നതായി ഈജിപ്ത് പറഞ്ഞു. ജറൂസലമിലെ തുർക്കി കോൺസുലേറ്റിലെ ഒരു ജീവനക്കാരൻ നയതന്ത്രജ്ഞ സംഘത്തിൽ ഉണ്ടായിരുന്നെന്ന് തുർക്കി പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.
ഇസ്രായിൽ സൈന്യത്തിന്റെ പ്രവൃത്തിയെ പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്ന ഫലസ്തീൻ വിദേശ മന്ത്രാലയത്തിലെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹ്മദ് അൽദീക്ക് അപലപിച്ചു. ഫലസ്തീൻ ജനത ജീവിക്കുന്ന ജീവിതത്തിന്റെ ഒരു പ്രതീതി ഇത് നയതന്ത്ര പ്രതിനിധി സംഘത്തിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ജെനീൻ സന്ദർശനത്തിനിടെ ഫലസ്തീനിലേക്കുള്ള അംഗീകൃത നയതന്ത്ര പ്രതിനിധി സംഘത്തെ മനഃപൂർവം വെടിവെച്ചുകൊല്ലാൻ ഇസ്രായിൽ സൈന്യം നടത്തിയ ഹീനമായ കുറ്റകൃത്യമാണിതെന്ന് ഫലസ്തീൻ അതോറിറ്റി പറഞ്ഞു. ജെനീൻ അഭയാർഥി ക്യാമ്പിനുള്ളിൽ നിന്ന് ആവർത്തിച്ചുള്ള വെടിവെപ്പുകൾ കേട്ടതായി സന്ദർശന വേളയിൽ സന്നിഹിതനായ നയതന്ത്രജ്ഞൻ എ.എഫ്.പിയോട് പറഞ്ഞു.