കൊച്ചി– സമൂഹ്യമാധ്യമത്തിലൂടെ ചലച്ചിത്ര നടിമാരെ അപമാനിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ സന്തോഷ് വര്‍ക്കിക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ 11 ദിവസമായി ഇദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും അപമാനിക്കുകയും ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റിലായത്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍, തുടങ്ങിയവരാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കി നിരന്തരമായി സ്ത്രീത്വത്തെ അപമാനിക്കുന്നയാളാണെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ക്കള കോടതി ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കി നടത്തിയ പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി താക്കീത് നല്‍കി. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. ആറാട്ടണ്ണന്‍ എന്ന വിളിപ്പേരിലാണ് സന്തോഷ് വര്‍ക്കി പിന്നീട് അറിയപ്പെടാന്‍ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയേറ്ററുകളില്‍ സന്തോഷ് റിവ്യു പറയാന്‍ എത്താറുണ്ട്. സിനിമ കാണാതെ റിവ്യു പറഞ്ഞതിന് നേരത്തെ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. മമ്മൂട്ടി ചിത്രമായ ബസൂക്കയില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.