മലപ്പുറം: തനിക്കെതിരേയും സി.പി.എം-ബി.ജെ.പി പാർട്ടികളുടെ ഇന്നോവ സാധ്യത തള്ളാതെ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ഇരു പാർട്ടിക്കാരും തന്നെ കൊല്ലാൻ വേണ്ടി ഇന്നോവ അയക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയമെന്ന് പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.
ആ ഇന്നോവ ഒരുപക്ഷേ ഡ്രൈവ് ചെയ്യുന്നത് എം.ബി രാജേഷാണെങ്കിൽ അതിൽ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് കെ സുരേന്ദ്രനായിരിക്കാമെന്നും സന്ദീപ് പ്രതികരിച്ചു.
സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് കേരളത്തിലെ രാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ തെരഞ്ഞെടുപ്പും അതുപോലെയാണ് നടക്കുന്നത്. സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ പരിപാടി എനിക്കെതിരെയും എടുക്കുന്നുണ്ടെന്നാണ് രണ്ടു കൂട്ടരുടെയും പ്രതികരണത്തിൽനിന്ന് തനിക്ക് മനസ്സിലാകുന്നതെന്നും സന്ദീപ് പറഞ്ഞു.
കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ സന്ദീപിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.ബി രാജേഷും കടുത്ത പരിഹാസവുമായി ബി.ജെ.പി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. വർഗീയതയുടെ കാളിയനെ കോൺഗ്രസ് തോളിലിട്ടിരിക്കുകയാണെന്നും ഇത്തരക്കാരെ കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നുമായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം. സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചുവെന്നും ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേര അവിടെ കിട്ടട്ടെയെന്നും കോൺഗ്രസിൽ നീണാൾ വാഴട്ടെയെന്നുമായിരുന്നു ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ പ്രതികരിച്ചത്.
മലപ്പുറത്ത് മാനവിക സൗഹാർദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്നും ഇത് രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്. ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിലും വളർന്നുവരുന്ന രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും സാദിഖലി തങ്ങളുടെ അനുഗ്രഹം തേടിയാണ് പാണക്കാട്ടെത്തിയത്. അങ്ങാടിപ്പുറത്തെ തളി ക്ഷേത്രം കത്തിനശിച്ച സമയത്ത് അവിടേക്ക് ആദ്യം ഓടിയെത്തിയത് പാണക്കാട് ശിഹാബ് തങ്ങളായിരുന്നു. ലോകത്തിനു തന്നെ മാതൃകയായ മലപ്പുറത്തിന്റെ മാനവിക സൗഹാർദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
കെ.പി.സി.സിയുടെ നിർദേശ പ്രകാരമാണ് എന്റെ യാത്ര. തന്റെ മുൻ നിലപാടുകൾ ബി.ജെ.പിയുടെ ഭാഗമായപ്പോൾ കൈക്കൊണ്ടതാണ്. ആ സമയത്ത് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഹൃദയവേദന ഉണ്ടായിട്ടുള്ളവരുണ്ടെങ്കിൽ, അവർക്ക് തെറ്റിദ്ധാരണ മാറ്റാൻ ഈ സന്ദർശനം വലിയ സഹായകരമാകുമെന്ന് ഞാൻ കരുതുന്നു. ഇനി കോൺഗ്രസിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയെ നന്നാക്കാൻ ഒരു ചൂരലെടുത്ത് മാരാർജി ഭവന് ചുറ്റും നടക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ തല്ലിയാലും അവർ നന്നാകാൻ പോകുന്നില്ല. അവരെ അവരുടെ വഴിക്ക് വിടുകയാണ്. അവർക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കാനോ വ്യക്തിപരമായി ആരോപണം ഉന്നയിക്കാനോ ഞാനുദ്ദേശിക്കുന്നില്ലെന്നും സന്ദീപ് പ്രതികരിച്ചു.
സന്ദീപിന്റ കടന്നുവരവിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ മന്ത്രി നാലകത്ത് സൂപ്പി, അഡ്വ. ഹാരിസ് വീരാൻ എം.പി, എം.എൽ.എമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, കെ.പി.സി.സി സെക്രട്ടറി വി ബാബുരാജ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉൾപ്പെടെയുള്ളവർ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപ് വാര്യരുമായി സ്‌നേഹസന്തോഷം പങ്കിട്ടു.