- സി പി എമ്മിലേക്ക് പോകുമോ എന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ മറുപടി.
- പാർട്ടിയിൽ അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യർമാർ പാലക്കാടുണ്ടെന്നും തുറന്നുപറച്ചിൽ.
പാലക്കാട്: ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിമർശങ്ങൾക്കു പിന്നാലെ പാർട്ടി നടപടിക്കായി ആലോചിക്കുന്നതിനിടെ ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ പരാമർശങ്ങളുമായി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ രംഗത്ത്.
തീർത്തും ഒരു വിളിയിൽ പരിഹരിക്കാമായിരുന്ന വിഷയമാണ് പാർട്ടി ഇത്ര സങ്കീർണാക്കിയത്. പാർട്ടിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യർമാർ പാലക്കാടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയിൽ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യർ തുറന്നടിച്ചു.
ഇപ്പോഴും ബി.ജെ.പി പ്രവർത്തകനാണ് താൻ. നാട്ടിലെ ബി ജെ പി പ്രവർത്തകർക്കൊപ്പം തന്നെ തുടരും. ജാതിമത രാഷ്ട്രീയങ്ങൾക്ക് അതീതമായ പ്രവർത്തനമാണ് ഇവിടെ നടത്തിവരുന്നത്. നടപടി നേരിടാൻ മാത്രം യോഗ്യതയുള്ള വലിയ നേതാവല്ല ഞാൻ. പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും ചോദ്യങ്ങളോടായി പ്രതികരിച്ചു.
സംസ്ഥാന അധ്യക്ഷൻ തന്നെ രണ്ടു തവണ വിളിച്ചിരുന്നു. പാലക്കാട് പ്രചാരണത്തിൽ സജീവമാകണമെന്ന് പറഞ്ഞു. അപ്പോൾ തന്റെ പരാതികൾ അറിയിച്ചെങ്കിലും പരിഹരിക്കാൻ നടപടിയുണ്ടായില്ല. നേതാക്കൾക്ക് നേതൃഗുണമില്ലാത്തതാണ് പല പ്രശ്‌നങ്ങളുടെയും മൂലകാരണം. ബി ജെ പിയിൽ ഇനി പ്രതീക്ഷയില്ല. പരിഗണന കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് തുറന്ന് പറഞ്ഞത്. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ലെന്നും പറഞ്ഞു.
സി പി എമ്മിലേക്കുള്ള ക്ഷണത്തെക്കുറിച്ച് അറിയില്ല. നിലവിൽ ബി ജെ പി പ്രവർത്തകനാണ്. അപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് താൻ മറുപടി പറയേണ്ടതില്ല. പാലക്കാട് ജില്ലയിൽ നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനം തുടങ്ങിയവ നേരിടേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിൽ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവർക്ക് ബോധ്യമാകുമെന്ന് ബി.ജെ.പി സ്ഥാനാർത്ഥിയും സംസ്ഥാന ഭാരവാഹിയുമായ സി കൃഷ്ണകുമാറിന്റെ പേര് പരാമർശിക്കാതെ സന്ദീപ് വാര്യർ പറഞ്ഞു.
സി പി എമ്മിലേക്ക് പോകുമോ എന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ മറുപടി. പാർട്ടിയിൽ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച് എപ്പോഴാണ് പരാതി പറയേണ്ടത്. തെരഞ്ഞെടുപ്പിന്ന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും സംസ്ഥാന നേതൃത്വത്തിൽ നിന്ന് പ്രശ്‌നപരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും ഒരൊറ്റ ഫോൺ കോളിൽ തീർക്കാവുന്ന വിഷയമാണ് വഷളാക്കിയതെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
അതിനിടെ, ബി.ജെ.പിയുമായി ഇടഞ്ഞ സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് ക്ഷണിക്കുമോ എന്ന് ചോദിച്ചപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങൾ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.