കൊച്ചി– കഞ്ചാവ് ഉപയോഗിക്കുന്നതിനിടയില്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സമീര്‍ താഹിറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. അഭിഭാഷകനൊപ്പം എക്‌സൈസ് ഓഫീസില്‍ എത്തിയ സമീറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സമീറിന്റെ പേരിലുള്ള ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കാന്‍ സാഹചര്യമൊരുക്കി എന്ന കുറ്റത്തിനാണ് അറസ്റ്റ്.
ഏപ്രില്‍ 27 ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്ന് പേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
അതേസമയം ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ ഫ്ളാറ്റ് ഒഴിയണമെന്ന് സമീര്‍ താഹിറിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ സ്വദേശിയുടെ ഫ്ളാറ്റില്‍ വാടകക്ക് താമസിക്കുകയായിരുന്നു സമീര്‍. ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത് തങ്ങള്‍ക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നാണ് കാണിച്ചാണ് ഉടമക്ക് അസോസിയേഷന്‍ കത്തു നല്‍കിയത്.