കാസര്‍കോട്– ഇസ്ലാം മത വിശ്വാസികളുടെ പ്രധാന ആഘോഷങ്ങളായ ഈദുല്‍ ഫിത്വറിനും ഈദുല്‍ അദ്ഹയ്ക്കും സംസ്ഥാനത്ത് ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കാസര്‍കോട് നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ പ്രമേയത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. നിലവിൽ നൽകുന്ന ഒന്ന് രണ്ട് ദിവസങ്ങളിലെ അവധി ആഘോഷങ്ങൾക്കും മതപരമായ കർമ്മങ്ങൾക്കും സാധിക്കുന്നില്ലയെന്നും ഇവർ വ്യക്തമാക്കി.
ദൂരെ സ്ഥലങ്ങളിൽ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും പെരുന്നാൾ ദിവസങ്ങളിൽ നാട്ടിലെത്തി കുടുംബവുമായി സമയം ചെലവഴിക്കാൻ നിലവിലെ അവധി അവസരങ്ങൾ നൽകുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങൾ ഈദ് ആഘോഷങ്ങൾക്ക് ദീർഘമായി അവധി നൽകുന്നുണ്ട് കേരളവും പിന്തുടരണമെന്നും അതിനാൽ തന്നെ രണ്ടു പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും അവധി നൽകണമെന്ന് സമസ്ത ആവശ്യപ്പെട്ടു.
ചന്ദ്രമാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പെരുന്നാൾ അവധികൾ കൃത്യമായി ലഭിക്കാത്ത കാണാറുണ്ട്. ഇതിനൊരു പരിഹാരം എന്ന നിലക്ക് പെരുന്നാളിന് മുമ്പും ശേഷവും ഉള്ള ദിവസങ്ങൾ ഉൾപ്പെടുത്തിയുള്ള അവധി കലണ്ടർ പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ കൂട്ടിച്ചേർത്തു. വാക്കോട് മൊയ്തീൻകുട്ടി ഫൈസിയാണ് ഈ പ്രമേയം വേദിയിൽ അവതരിപ്പിച്ചത്. കെ ടി ഹംസ മുസ്ലിയാർ ഈ പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു.
ഫെബ്രുവരി നാലിന് കാസർകോട് ആരംഭിച്ച സമസ്തയുടെ നൂറാം വാർഷിക സമ്മേളനം ഇന്ന് അവസാനിക്കും.



