കാസർകോട്– സുന്നി സംഘടനാ ഐക്യത്തിനുള്ള ശക്തമായ ആഹ്വാനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കാസർകോട് കുണിയയിൽ പ്രൗഢമായ സമാപനം. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയവും വിദ്യാഭ്യാസപരവുമായ നവോത്ഥാനത്തിൽ സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും എന്നാൽ കേരളത്തിൽ പൗരത്വത്തിന്റെ പേരിൽ ഒരാൾ പോലും തടങ്കൽ പാളയത്തിൽ ആകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിനും മതരാഷ്ട്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സമസ്തയെ അദ്ദേഹം പ്രശംസിച്ചു.
ഭിന്നിച്ചുനിൽക്കുന്ന സുന്നി സംഘടനകൾക്കിടയിൽ ഐക്യത്തിന്റെ സന്ദേശമാണ് സമ്മേളന അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നൽകിയത്. സംഘടനയിൽ നിന്ന് വിട്ടുനിൽക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും പ്രശ്നപരിഹാരത്തിനായി അദ്ദേഹം സ്വാഗതം ചെയ്തു. മുസ്ലിം സമുദായത്തിന്റെ വിശ്വാസപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ സമസ്തയ്ക്കുള്ള അധികാരം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമ്മേളനത്തിൽ പ്രാധാന്യമുള്ള നാല് പ്രമേയങ്ങളും സമസ്ത അവതരിപ്പിച്ചു. ഭരണസൗകര്യാർത്ഥം മലപ്പുറം ജില്ല വിഭജിക്കണം, ഈദുൽ ഫിത്തറിനും ഈദുൽ അസ്ഹയ്ക്കും മൂന്ന് ദിവസം വീതം പൊതുഅവധി അനുവദിക്കണം, മതരാഷ്ട്രവാദത്തെയും തീവ്രവാദ സംഘടനകളെയും ശക്തമായി എതിർക്കും. ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ സംഘടനയായി പ്രമേയത്തിൽ വിശേഷിപ്പിച്ചു, വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനായി സർക്കാർ കർശന നടപടി സ്വീകരിക്കണം എന്നിങ്ങനെയായിരുന്നു നാല് പ്രമേയങ്ങൾ
ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കിയ വേദിയിൽ തന്നെ, ആ സംഘടനയുടെ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായി. ഈജിപ്ത് അൽ അസ്ഹർ സർവകലാശാല റെക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എ. യൂസഫലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അഞ്ച് നാൾ നീണ്ടുനിന്ന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് വിശ്വാസികളാണ് കാസർകോട്ടേക്ക് ഒഴുകിയെത്തിയത്



