നിലമ്പൂർ: പോലീസ് സേനയിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും പുഴുക്കുത്തുകൾ ചൂണ്ടിക്കാട്ടി പിണറായി സർക്കാരിനും സി.പി.എമ്മിനുമെതിരെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകൾ നടത്തിയ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ സന്ദർശിച്ച് സി.പി.എം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്പൂർ ആയിഷ രംഗത്ത്. ഒരു പരിപാടിക്ക് പോകുന്നതിനിടെ അൻവറിന്റെ ഒതായിലെ വീട്ടിൽ നേരിട്ടെത്തിയാണ് ഈ കലാകാരി പിന്തുണ അറിയിച്ചത്.
എം.എൽ.എ വേട്ടയാടപ്പെടുന്നതിൽ സങ്കടം ഉണ്ടെന്നും നേരിട്ട് കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാണെന്നും അവർ വ്യക്തമാക്കി. അൻവറിന്റെ പോരാട്ടത്തിന് നൂറ് ശതമാനം പിന്തുണ അറിയിക്കുന്നതായി നിലമ്പൂർ ആയിഷ പറഞ്ഞു.
കൂടിക്കാഴ്ചയുടെ വീഡിയോ അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഐഷാത്ത എന്ന സഖാവ് നിലമ്പൂർ ആയിഷ.. ‘മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി.. ഐഷാത്തയ്ക്കും ചില കാര്യങ്ങൾ പറയാനുണ്ട്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഇന്ന് ഞാൻ നടത്തുന്ന പോരാട്ടത്തിന് ഐയിഷാത്തയുടെ പൂർണ പിന്തുണയുണ്ടെന്ന് അൻവർ പറയുന്നതും നൂറ് ശതമാനം പിന്തുണയ്ക്കുന്നുവെന്നും നിലമ്പൂരിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഓർമിപ്പിച്ച് നാം മുന്നോട്ട്, നാം മുന്നോട്ട് എന്ന് അവർ മറുപടി പറയുന്നതും ദൃശ്യത്തിലുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും ഗായകനുമായ ബാപ്പു വെള്ളിപ്പറമ്പും അവരോടൊപ്പം ഉണ്ടായിരുന്നു.