കൊച്ചി: വിവാദമായ ശബരിമല ‘സുവർണാവസര പ്രസംഗ’ത്തിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ ഗോവ ഗവർണറുമായ അഡ്വ. പി.എസ് ശ്രീധരൻപിള്ളക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി.
ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രിം കോടതിയുടെ നിർണായക വിധിക്കെതിരേയുള്ള സംഘപരിവാർ പ്രക്ഷോഭ സമയത്തായിരുന്നു ‘ശബരിമല ബി ജെ പിക്കു ലഭിച്ച സുവർണാവസരമെന്ന’ വിവാദ പരാമർശമുണ്ടായത്. യുവതീ പ്രവേശമുണ്ടായാൽ ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പ്രഖ്യപിച്ചത് തന്നോട് ആലോചിച്ച ശേഷമാണെന്നും ശ്രീധരൻപിള്ള അവകാശപ്പെട്ടിരുന്നു. പാർട്ടിക്കു കിട്ടിയ സുവർണാവസരമാണ് ശബരിമലയെന്നും ഇതുപോലുള്ള അവസരങ്ങൾ എപ്പോഴും കിട്ടണമെന്നില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.
ഈ പരാമർശങ്ങൾക്കെതിരെ കോഴിക്കോട് നന്മണ്ട സ്വദേശി നൽകിയ പരാതിയിൽ കസബ പോലീസ് ആണ് കേസെടുത്തിരുന്നത്. കേസ് പിന്നീട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. ഇതാണിപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്.
2018 നവംബറിൽ കോഴിക്കോട്ട് നടന്ന യുവമോർച്ചയുടെ ഒരു യോഗത്തിൽ നടത്തിയ പ്രസംഗം പിന്നീട് മാധ്യമങ്ങൾക്കു ചോർത്തി കിട്ടുകയായിരുന്നു. ‘ഇപ്പോൾ നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഗോൾഡൻ ഓപ്പർച്യൂണിറ്റി ആണ്. ശബരിമല ഒരു സമസ്യ ആണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നുള്ളത് സംബന്ധിച്ച്…നമുക്കൊരു വര വരച്ചാൽ വരയിലൂടെ അത് കൊണ്ടുപോകാൻ സാധിക്കില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങളുള്ളത്. നമ്മൾ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോൾ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാർട്ടികളുമാണെന്ന് ഞാൻ കരുതുകയാണ്’ എന്നിങ്ങനെയായിരുന്നു പ്രസംഗത്തിലെ പരാമർശങ്ങൾ.
സംഭവം വിവാദമായതോടെ, സമാധാനപരമായി ഗാന്ധിയൻ മോഡൽ സമരം ചെയ്യാൻ കിട്ടിയ ‘സുവർണാവസരം’ എന്നാണ് താൻ മനസ്സിൽ ഉദ്ദേശിച്ചതെന്നും അതല്ലാതെ അക്രമസമരമല്ലെന്നും ശ്രീധരൻപിള്ള വിശദീകരിച്ചിരുന്നു. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചവരെയൊക്കെ കാലം കണക്ക് പറയിപ്പിച്ചുവെന്നും പിന്നീട് ശ്രീധരൻപിള്ള പറഞ്ഞിരുന്നു.