തിരുവനന്തപുരം– സംസ്ഥാനത്തെ ജയിലുകളില്‍ ആര്‍.എസ്.എസ്. അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സ്ഥലം മാറ്റം. കോട്ടയം ജില്ലയിലെ കുമരകത്തെ റിസോര്‍ട്ടിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. രാഷ്ട്രീയ അടിസ്ഥാനത്തില്‍ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് യോഗം നടത്തിയത്. ഉദ്യോഗസ്ഥരെയും തടവുകാരെയും രാഷ്ട്രീയമായി സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടു ചേര്‍ന്ന യോഗത്തെക്കുറിച്ച് പോലീസ് രഹസ്യാന്യേഷണ വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കാര്യമായ നടപടിയൊന്നുമെടുക്കാതെ സ്ഥലം മാറ്റലില്‍ മാത്രമായി ഒതുക്കുകയായിരുന്നു.
‘ഭരണപരമായ സൗകര്യത്തിന്’ എന്നാണ് യോഗത്തില്‍ പങ്കെടുത്ത 18 പേരെ സ്ഥലം മാറ്റിയത് എന്നാണ് കാരണം കാണിച്ചിരിക്കുന്നത്. നടപടി ഒഴിവാക്കാന്‍ ബി.ജെ.പി ഉന്നതന്‍ ഇടപ്പെട്ടെന്നാണ് വിവരം. 2025 ജനുവരി 17നാണ് 13 ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസി. പ്രിസണ്‍ ഓഫിസര്‍മാരും യോഗം ചേര്‍ന്നത്. സംസ്ഥാനത്ത് വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. ‘ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ കോട്ടയത്ത് തുടക്കമായിരിക്കുന്നു, ഇനി വളര്‍ന്നുകൊണ്ടേയിരിക്കും’ എന്ന അടിക്കുറിപ്പോടെ യോഗത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.