- മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ തെറ്റില്ല, പിണറായി പറഞ്ഞതിനെ എതിർക്കുന്നവർ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവർ, സി.പി.ഐക്ക് സമനില തെറ്റിയെന്നും ആർ.എസ്.എസ് നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ തെറ്റില്ലെന്ന് ആർ.എസ്.എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ വത്സൻ തില്ലങ്കേരി. പിണറായി പറഞ്ഞതിനെ എതിർക്കുന്നവർ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരാണെന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച പിണറായിക്ക് വേണ്ടിയെന്ന് പറയുന്നവർക്ക് പിണറായി വിജയനെ അറിയില്ല, സി.പി.എമ്മിനേയും അറിയില്ല. പ്രസ്ഥാനത്തേയുമറിയില്ല.
കണ്ണൂരിലും മലബാറിലും നടന്ന എല്ലാ ആർ.എസ്.എസ്-സി.പി.എം സംഘർഷങ്ങളുടെയും നെടുനായകത്വം വഹിച്ചയാളാണ് പിണറായി വിജയൻ. എന്നാൽ, മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ നിലപാട് മാറിയിട്ടുണ്ട്. കണ്ണൂരിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷം കുറഞ്ഞത് പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷമാണെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു.
പിണറായി വിജയൻ പ്രഖ്യാപിത ശത്രുവാണെങ്കിലും അദ്ദേഹം ശരിയായ നിലപാട് സ്വീകരിച്ചാൽ പിന്തുണക്കും. സി.പി.ഐക്ക് സമനില തെറ്റിയിരിക്കുകയാണ്. തൃശൂർ പൂരം കലക്കിയത് താനല്ല. അന്ന് പ്രശ്നം പരിഹരിക്കാതെ സി.പി.ഐ മാറിനിൽക്കുകയായിരുന്നു. താൻ പൂരം കണ്ടത് സി.പി.ഐ സ്ഥാനാർത്ഥിക്കൊപ്പമാണ്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് തോൽവിയിൽ സമനില തെറ്റിയതുകൊണ്ടാണെന്നും വത്സൻ തില്ലങ്കേരി ആരോപിച്ചു.
പോലീസ് മേധാവികളുമായി താൻ മുമ്പും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കണ്ണൂരിൽ പ്രവർത്തിച്ച പോലീസ് തലപ്പത്തെ പ്രമുഖരിൽ പലരുമായും വ്യക്തിപരമായ അടുപ്പമുണ്ട്. മലപ്പുറത്തെ ഒരു വിഭാഗത്തിന്റേതാക്കാൻ ശ്രമം നടക്കുന്നു. ഭൂരിപക്ഷ കണക്കുകൾ മുഴുവൻ കള്ളമാണെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു.