- ക്രിസ്ത്യൻ സമൂഹത്തെ ആർ എസ് എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്ന കാസയുടെയും ഹിന്ദുസമൂഹത്തെ വർഗീയവൽക്കരിക്കുന്ന ആർ എസ് എസിന്റെയും നടപടിയിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും ആശങ്കയില്ലാത്തത് എന്തുകൊണ്ടാണെന്ന് ലീഗ് നേതാവ് കെ.എം ഷാജി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.പിഎം നേതൃത്വത്തിന്റെയും തീവ്രവാദ വിരുദ്ധ പ്രസംഗങ്ങളിലെ ഇരട്ടമുഖം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ആർ എസ് എസിനും കാസയ്ക്കുമെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നാണ് കെ.എം ഷാജി കുറ്റപ്പെടുത്തിയിത്. അജ്മാൻ കെ എം സി സി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിമർശം.
ക്രിസ്ത്യൻ സമൂഹത്തെ ആർ എസ് എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്ന കാസയുടെയും ഹിന്ദുസമൂഹത്തെ വർഗീയവൽക്കരിക്കുന്ന ആർ എസ് എസിന്റെയും നടപടിയിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും ആശങ്കയില്ലാത്തത് എന്തുകൊണ്ടാണെന്ന് ഷാജി ചോദിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുമായും എസ് ഡി പി ഐയുമായും ലീഗ് സൂക്ഷ്മത പാലിക്കണമെന്നാണ് പിണറായി വിജയൻ പറയുന്നത്. നല്ലത്. പക്ഷേ, ലീഗ് മാത്രം സൂക്ഷ്മത പാലിച്ചാൽ മതിയോ? ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമാണോ? കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ആർ എസ് എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്ന തെമ്മാടിക്കൂട്ടമാണ് കാസ. ആ കാസയെടുക്കുന്ന പണി ശ്രദ്ധിക്കണമെന്ന് എന്തുകൊണ്ടാണ് കേരളത്തിലെ ക്രിസ്ത്യാനികൾക്ക് പിണറായി വിജയൻ ഉപദേശം കൊടുക്കാത്തത്?

കേരള കോൺഗ്രസ് നേതാക്കന്മാരോട് കാസയെക്കാണുന്നില്ലേ, എന്താണ് സൂക്ഷിക്കാത്തത് എന്ന് പറയാത്തത് എന്തുകൊണ്ടാണ്? സംഘപരിവാർ മെനക്കെട്ട് പണിയെടുത്ത് കേരളത്തിലെ ഹിന്ദുസമൂഹത്തെ ആർ എസ് എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുമ്പോൾ എന്താണ് ഇവിടുത്തെ സി പി ഐഎമ്മുകാരന് ആശങ്കയില്ലാത്തതെന്നും ഷാജി ചോദിച്ചു. വയനാട് ലോകസഭാ മണ്ഡലത്തിലെ 174 ബൂത്തിൽ ബി ജെ പി രണ്ടാം സ്ഥാനത്താണ്. ഇതിലൊന്നും പിണറായിക്ക് വിജയന് ആശങ്കയില്ലേയെന്നും ഷാജി ചോദിച്ചു.