കാസർകോട്: റിയാസ് മൗലവി വധക്കേസിന്റെ വിധിയുടെ കുറ്റപത്രത്തിൽ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും. വിധിക്ക് ശേഷം സമൂഹത്തിൽ നടക്കുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്നും സ്‍പെഷ്യൽ പ്രേസിക്യൂട്ടർ അഡ്വ. ടി. ഷാജിത്ത് പറഞ്ഞു. കാസർകോട് പ്രസ് ക്ലബിൽ ആക്ഷൻ കമ്മിറ്റി വിളിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം സാക്ഷികളിൽ 97 സാക്ഷികളെയും കോടതിയിൽ വിസ്തരിച്ചു. 25 വർഷത്തെ അനുഭവത്തിൽ ആദ്യമായിട്ടാണ് ഒരു കേസിന്റെ മെറിറ്റ് മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തേണ്ടിവന്നത്.
ഇപ്പോൾ എല്ലാവരും ക്രൂശിക്കുന്നത് സ്‍പെഷൽ പ്രോസിക്യൂട്ടറെയും അന്വേഷണ ഉദ്യോഗസ്ഥരെയുമാണ്. കഴിഞ്ഞ ഏഴുവർഷവും ഏഴുദിവസവും ജാമ്യംപോലും ലഭിക്കാതെ പ്രതികൾ അകത്തു കിടന്നത് പ്രോസിക്യൂഷൻ വാദവും തെളിവും ശക്തമായതു കൊണ്ടാണ്. ഈ കേസിൽ റിയാസിന്റെ സിം കാർഡ്, മൊബൈൽ ഫോൺ എന്നിവ പരിശോധിക്കേണ്ടതില്ല. പ്രതിഭാഗം വക്കീൽ അതിനെ കുറിച്ച് ചോദിച്ചില്ലല്ലോ?. ഒന്നാം പ്രതിയുടെ വസ്ത്രമടക്കം ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. 81ാം സാക്ഷി മുതൽ നാലുപേർ, പ്രതികളായ മൂന്നുപേർക്ക് ആർ.എസ്.എസ് ബന്ധം സാധൂകരിക്കുന്ന മൊഴികൾ നൽകിയ രേഖയും കോടതിയിൽ സമർപ്പിച്ചതാണ്.
അഡീഷനൽ സാക്ഷികളെയടക്കം കൊണ്ടുവന്ന കേസാണിത്. എന്നിട്ടും, പ്രോസിക്യൂട്ടറെയും അന്വേഷണ ഏജൻസിയേയും കുറ്റപ്പെടുത്തുകയാണ്. ആവശ്യമെങ്കിൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
കാസർകോട്ട് ഒരു കേസിൽ യു.എ.പി.എ ചുമത്തിയാൽ മറ്റ് കേസുകളിലും ഇത് ചുമത്തേണ്ടിവരും. സർക്കാറിന്റെ നയംതന്നെ യു.എ.പി.എ ഒഴിവാക്കണമെന്നാണ്. അതാണ് ഈ കേസിൽ യു.എ.പി.എ ചുമത്താതിരുന്നത്. റിയാസ് മൗലവി വധക്കേസിൽ പൊലീസിനും സ്‍പെഷൽ പ്രോസിക്യൂട്ടർക്കും വീഴ്ച പറ്റിയിട്ടില്ല. ആവശ്യമായ എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.അപ്പീലിൽ നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ആക്ഷൻ കമ്മിറ്റി പ്രതിനിധികളായ മുഹമ്മദ് ഇംതിയാസ്, സി.എസ്. സുലൈമാൻ, സി.എച്ച്. അബ്ദുല്ലക്കുഞ്ഞി, അഡ്വ. സി. ഷുക്കൂർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ കഥയറിയാതെ ആട്ടം കാണുന്നു
റിയാസ് മൗലവി വധക്കേസില്‍ രാഷ്ട്രീയ നേതാക്കളും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കഥയറിയാതെ ആട്ടം കാണുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ടി ഷാജിത്ത് പ്രതിഭാഗം അഭിഭാഷകന്‍ പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതിവിധിയില്‍ പ്രതിപാദിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ വാദത്തിലും തൃപ്തരാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച റിയാസ് മൗലവി ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
കോടതി വിധി ന്യായത്തില്‍ കേസ് തള്ളുന്നതിനായി പറഞ്ഞ കാര്യങ്ങളെയെല്ലാം സ്‌പെഷ്യല്‍ പ്രോസിക്യൂടര്‍ ഖണ്ഡിച്ചു. വിചാരണ വേളയില്‍ പ്രതിഭാഗം അഭിഭാഷകനോ, പ്രതികളോ ഉന്നയിക്കാത്ത കാര്യങ്ങളാണ് വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. കോടതിവിധിന്യായം ശരിയായ രീതിയില്‍ മനസിലാക്കാതെയും നോട്‌സ് ഓഫ് ആര്‍ഗ്യുമെന്റില്‍ പറയാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞും മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ആസിഫ് അലി രാഷ്ട്രീയ നേട്ടത്തിനായി വിമര്‍ശനം ഉന്നയിച്ചതും പ്രതിപക്ഷനേതാവ് വി ഡി സതീശനും യൂത് ലീഗ് സംസ്ഥാന സെക്രടറി പി കെ ഫിറോസും ആരോപണമുന്നയിച്ചതും ഏറെ വേദനിപ്പിച്ചുവെന്ന് ഷാജിത്ത് പറഞ്ഞു.