തൃശൂർ: മൂർഖൻ പാമ്പിനെ പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥന് പൊത്തിൽനിന്ന് സ്വർണമടങ്ങിയ പഴ്‌സ് ലഭിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്ത് കുഞ്ഞുമൂർഖനെ പിടികൂടുന്നതിനിടെയാണ് വനം വകുപ്പ് തൃശൂർ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം മിഥുൻ, സർപ്പ വളണ്ടിയർ ശരത് മാടക്കത്തറ എന്നിവർക്ക് സ്വർണമടങ്ങിയ പഴ്‌സ് കിട്ടിയത്.
കൊടുങ്ങല്ലൂർ സ്വദേശിയായ ഷാഗ്രഹ നെഹ്‌റു പാർക്കിന്റെ പ്രവേശന കവാടത്തിനടുത്തു കൂടി നടന്നുപോകുന്നതിനിടെയാണ് തൊട്ടടുത്ത് മൂർഖൻ പാമ്പിനെ കണ്ടത്. ഉടനെ മൂർഖൻ പാമ്പ് സമീപത്തെ മരത്തിനു താഴെയുള്ള പൊത്തിൽ ഒളിക്കുകയായിരുന്നു. തുടർന്ന് ജനങ്ങൾ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
സംഘം പാമ്പിനെ പൊത്തിൽ തിരയുന്നതിനിടെയാണ് തവിട്ടുനിറമുള്ള പഴ്‌സ് കണ്ടത്. നനഞ്ഞു കുതിർന്ന നിലയിലായിരുന്നു പഴ്‌സ്. തുറന്നുനോക്കിയപ്പോൾ പഴ്‌സിലെ പ്ലാസ്റ്റിക് കവറിൽ സ്വർണ ഏലസും മറ്റു രേഖകളും കണ്ടെത്തുകയായിരുന്നു.
സ്വർണനിധിക്ക് പാമ്പ് കാവൽ നിൽക്കുമെന്ന് കഥകളിൽ പറയുന്നുണ്ടെങ്കിലും ഇതാദ്യമാകും ഇത്തരമൊരു സംഭവമെന്ന് ദൃക്‌സാക്ഷികളിൽ പലരും പ്രതികരിച്ചു. സ്വർണം കൂടാതെ കടവല്ലൂർ സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസും ആധാർ കാർഡും പഴ്‌സിൽനിന്നും കിട്ടിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.