കൊച്ചി – വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും.
2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി. എന്നാൽ പരസ്പര സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടൻ പോലീസിനോട് പറഞ്ഞത്.
വേടനെതിരെ അടുത്തിടെ ഗവേഷണ വിദ്യാര്‍ത്ഥിയും ലൈംഗിക അതിക്രമത്തിന് പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കൊച്ചി സിറ്റി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.