- സമുദായങ്ങൾ തമ്മിൽ പിണങ്ങണമെന്ന് പറയുന്നവർക്ക് എൻ.എസ്.എസിനോട് പിണക്കവും പരിഭവവുമുണ്ടാകാം, അവരോട് നമുക്ക് സഹതപിക്കാമെന്നും ചെന്നിത്തല
കോട്ടയം: മതനിരപേക്ഷതയുടെ ബ്രാൻഡ് ആണ് എൻ.എസ്.എസ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് ഉയർത്തിപ്പിടിക്കാൻ ജനറൽസെക്രട്ടറി സുകുമാരൻ നായർക്ക് കഴിയുന്നുണ്ടെന്നും രാഷ്ട്രീയ രംഗത്ത് ഇടപെടേണ്ട സമയത്തെല്ലാം എൻ.എസ്.എസ് ഇടപെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. താനും എൻ.എസ്.എസുമായുള്ള ആത്മബന്ധം ആര് വിചാരിച്ചാലും മുറിച്ചു മാറ്റാനാവില്ലെന്നും മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യവെ ചെന്നിത്തല വ്യക്തമാക്കി.
മന്നത്തിന്റെ കയ്യിലുള്ള വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരൻ നായരുടെ കൈയിലുണ്ട്. എൻ.എസ്.എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതാണ് ആ വടി. ആവശ്യമായ ഘട്ടങ്ങളിൽ ജി സുകുമാരൻ നായർ ഇടപെടുന്നത് ആശാവഹമാണ്. അതിൽനിന്ന് തന്നെപ്പോലുള്ളവർക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മന്നം ജയന്തി ഉദ്ഘാടനം ചെയ്യുകയെന്നത് തന്റെ ജീവിതത്തിലെ സൗഭാഗ്യമായ കാര്യമാണ്. രാജിവ് ഗാന്ധി മുതൽ കെ കരുണാകരൻ വരെയുള്ള ഉജ്വല നേതൃത്വം ഉദ്ഘാടനം ചെയ്ത വേദിയിൽ തനിക്ക് ഒരവസരം കിട്ടിയതിൽ എൻ.എസ്.എസിനോടും ജനറൽ സെക്രട്ടറിയോടും പൂർണമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. സമുദായങ്ങൾ തമ്മിൽ പിണങ്ങണമെന്ന് പറയുന്നവർക്ക് എൻ.എസ്.എസിനോട് പിണക്കമുണ്ടാകാം, പരിഭവം ഉണ്ടാകാം. അവരോട് നമുക്ക് സഹതപിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
കോളജ് പഠനകാലം മുതലാണ് എൻ.എസ്.എസുമായി താൻ ബന്ധപ്പെടുന്നത്. എസ്.എസ്.എൽ.സിക്ക് തനിക്ക് ഫസ്റ്റ് ക്ലാസിന് അഞ്ച് മാർക്കിന്റെ കുറവുണ്ടായിരുന്നു. അന്ന് വീടിനടുത്തുള്ള കോളജിൽ ഉപരിപഠനത്തിന് അപേക്ഷ നൽകിയെങ്കിലും റാങ്ക് ലിസ്റ്റിൽ അഞ്ചാമനായിരുന്നു. ഈ സമയത്ത് താൻ കെ.എസ്.യു പ്രവർത്തകനുമായിരുന്നു. ഈ കോളജിൽ പഠിച്ചാൽ അവിടുത്തെ അന്തീരിക്ഷം തകർക്കുമെന്ന് ആരോ എനിക്കെതിരേ ഊമക്കത്ത് അയച്ചു. അങ്ങനെ കോളജിൽ തനിക്ക് പ്രവേശനം നിഷേധിച്ചു. മറ്റൊരിടത്തും അപേക്ഷ കൊടുത്തിരുന്നില്ല.
ഒടുവിൽ അച്ഛൻ എന്നെയും കൂട്ടി എൻ.എസ്.എസ് കോളജിലെത്തി. അവിടെ പ്രവേശനത്തിനുള്ള അപേക്ഷ നല്കാനുള്ള സമയം കഴിഞ്ഞിരുന്നു. എന്നിട്ടും അവർ അപേക്ഷ വാങ്ങി പ്രവേശനം തന്നു. തന്നെ സഹിയിച്ചതും തനിക്ക് അഭയം തന്നതും എഎൻ.എസ്.എസായിരുന്നു. ആ ബന്ധം ആര് വിചാരിച്ചാലും മുറിച്ചുമാറ്റാനാവില്ല. അവിടെ നിന്നാണ് തന്റെ പൊതുജീവിതം ആരംഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
എൻ.എസ്.എസ് എന്ന മഹാപ്രസ്ഥാനത്തെ കരുത്തോടെ നയിക്കുന്ന, നിലപാടുകളിൽ അചഞ്ചലമായി നിന്നുകൊണ്ട് പ്രവർത്തിക്കുന്ന ആളാണ് സുകുമാരൻ നായർ. കേരളം കണ്ട ഏറ്റവും വലിയ വിപ്ലകാരികാരിയാണ് മന്നത്ത് പത്മനാഭനെന്നും ചെന്നിത്തല പറഞ്ഞു.

സ്വന്തം സമുദായത്തിനൊപ്പം ഇതര സമുദായങ്ങളെയും ഇതര മതവിശ്വാസങ്ങളെയും ചേർത്തുപിടിക്കുന്നതായിരുന്നു മന്നത്തിന്റെ ശക്തി. മതസൗഹാർദ്ദത്തിന്റെ ഉജ്വലമായ പ്രതീകങ്ങൾ എന്നും ഉയർത്തിപ്പിടിക്കുന്നതായിരുന്നു എൻഎസ്.എസ് നിലപാട്. എൻ.എസ്.എസ് സമൂഹത്തിന് നല്കുന്ന ശക്തിയും ചൈതന്യവും ചെറുതല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
11 വർഷത്തെ പിണക്കത്തിന് ശേഷമാണ് ചെന്നിത്തല പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്. ചെന്നിത്തലയെ ക്ഷണിച്ചതിന് എതിരേ ഒരു വിഭാഗം രംഗത്തുവന്നെങ്കിലും അതെല്ലാം അവഗണിച്ചാണ് എൻ.എസ്.എസ് നേതൃത്വം ആവേശപൂർവം ചെന്നിത്തലയെ വരവേറ്റത്.