- ചരിത്ര വിജയത്തിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
കോട്ടയം: താൻ വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും പാലക്കാട്ടെ ജനങ്ങളെ വർഗീയത പറഞ്ഞു പരിഹസിക്കരുതെന്നും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എതിരാളികൾ തോൽവി അംഗീകരിക്കണമെന്നും സരിന് അന്നും ഇന്നും മറുപടി പറയുന്നില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
2025-ൽ പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല. എസ് ഡി പി ഐയെ ശക്തമായി എന്നും എതിർത്തിട്ടുള്ളത് ലീഗാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, ലീഗിന്റെ മറവിൽ എസ് ഡി പി ഐ പ്രവർത്തിക്കുമെന്ന് കരുതുന്നില്ലെന്നും പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്നും വ്യക്തമാക്കി.
പാലക്കാട്ടെ തിളക്കമാർന്ന ചരിത്ര വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. കല്ലറയിലെത്തും മുമ്പേ ചാണ്ടി ഉമ്മനുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലെങ്കിലും കോൺഗ്രസ് നേതാക്കളായ കെ.സി ജോസഫ്, പി.സി വിഷ്ണുനാഥ് അടക്കമുള്ള നേതാക്കളും ഒട്ടേറെ പ്രവർത്തരും രാഹുലിനൊപ്പമുണ്ടായിരുന്നു.