കൊച്ചി– പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി തന്നെയാണെന്നും ഹരജിയിൽ രാഹുൽ ചൂണ്ടിക്കാട്ടി. തന്നെ അപകീർത്തിപ്പെടുത്താനും ജയിലിലടക്കാനും ലക്ഷ്യമിട്ടുള്ളതാണ് പരാതിയെന്നാണ് രാഹുലിന്റെ വാദം.
പരാതിക്കാരി വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചാണ് താനുമായി അടുപ്പത്തിലായതെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. താൻ അവിവാഹിതയാണെന്ന ധാരണയാണ് അവർ നൽകിയിരുന്നത്. വിവാഹിതയാണെന്ന് അറിഞ്ഞതോടെയാണ് ബന്ധത്തിൽ നിന്ന് പിന്മാറിയത്. പ്രായപൂർത്തിയായ, വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനെ കാണാൻ ഹോട്ടൽ മുറി ബുക്ക് ചെയ്യുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടാകുമെന്നും, അതിനാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും രാഹുൽ ഹരജിയിൽ പറയുന്നു.
രാഹുലിന്റെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിദേശത്തുള്ള യുവതി ഇ-മെയിൽ വഴി ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.തുടർന്ന് വീഡിയോ കോൾ വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അതീവരഹസ്യമായാണ് നീങ്ങിയത്. പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് അർധരാത്രിയോടെയാണ് എം.എൽ.എയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, കൊട്ടാരക്കര സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിൽ ഒറ്റയ്ക്കാണ് രാഹുലിനെ പാർപ്പിച്ചിരിക്കുന്നത്. എം.എൽ.എ എന്ന നിലയിൽ പ്രത്യേക പരിഗണനകളൊന്നും ലഭിക്കില്ല. നിലത്ത് പായ വിരിച്ചാകും കിടപ്പ്. ഇതിനിടെ, വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴും ജയിലിലേക്ക് മാറ്റുമ്പോഴും ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയും രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സൂചകമായി ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണവും നടത്തിയിരുന്നു.



