തിരുവനന്തപുരം – യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയ കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അടുത്ത ആഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകും. എന്നിട്ടും ഹാജരായില്ലെങ്കിൽ കോടതിയെ സമീപിക്കും.
2023ലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ജയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐഡി കാർഡ് വ്യാജമായി ഉണ്ടാക്കിയതെന്നാണു കേസ്. വ്യാജ രേഖ ചമക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും വ്യാജ ഇലക്ട്രോണിക് രേഖയുണ്ടാക്കലുമടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരെയുള്ളത്. കേസിലെ മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദ രേഖയില്‍ രാഹുലിന്റെ പേരുമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വിശദാംശങ്ങൾക്കായി രാഹുലിനെ ചോദ്യം ചെയ്യുന്നത്.
കേസില്‍ അന്വേഷകസംഘം ആവശ്യപ്പെട്ട വിവരങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ നല്‍കിയിട്ടില്ല. ഈ ആവശ്യമുന്നയിച്ച് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടെങ്കിലും മൊബൈല്‍ ആപ്പിന്റെ വിവരങ്ങള്‍ കൈമാറിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിവരം കൈമാറാത്തതിനാൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ ബി വി ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിൽ പോയി ചോദ്യം ചെയ്യും.