ബെംഗളുരു- ബി ജെ പി സര്‍ക്കാറിനെ കമ്മീഷന് സര്‍ക്കാറെന്ന് വിമര്‍ശിച്ചതിനെതിരെയുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. 40% കമ്മീഷന് സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ബി ജെ പി സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കേസില്‍ പ്രതികളാണ്. നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിനെതിരായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
ഇവര്‍ക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുല്‍ ഹാജരാകാതെ ഇരുന്നതിനാല്‍ 7-ന് ഹാജരാകാന്‍ സമന്‍സ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായത്. ബെംഗളൂരുവിലെത്തിയ രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group