കല്‍പറ്റ-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ, യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി എന്നിവര്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വ്യാഴാഴ്ചയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ പത്രികാസമര്‍പ്പണം. നഗരത്തില്‍ നടത്തുന്ന റോഡ് ഷോയ്ക്ക് ഒടുവിലാണ് മൂന്നു മുന്നണി സ്ഥാനാര്‍ഥികളും കലക്ടറേറ്റിലെത്തി മണ്ഡലം വരണാധികാരിയുമായ കലക്ടര്‍ക്ക് പത്രിക നല്‍കുക. മൂന്നു മുന്നണികളുടെയും റോഡ് ഷോ നഗരത്തെ ജനസാഗരമാക്കും. പരമാവധി പ്രവര്‍ത്തകരെ റോഡ് ഷോയില്‍ അണിനിരത്താനാണ് മൂന്ന് മുന്നണികളുടെയും തീരുമാനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം ആനി രാജ രാവിലെ 10ന് പത്രിക സമര്‍പ്പിക്കും. എല്‍.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ടി.വി.ബാലന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, ഒ.ആര്‍.കേളു എം.എല്‍.എ എന്നിവര്‍ ഒപ്പമുണ്ടാകും. സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പത്രികാസമര്‍പ്പണത്തിന് വണാധികാരിയുടെ കാര്യാലയത്തില്‍ പ്രവേശത്തിനു അനുമതി.
രാവിലെ ഒമ്പതിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച് എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 5,000ല്‍പരം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കാളികളാകുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. സ്ഥാനാര്‍ഥി മണ്ഡലത്തില്‍ രണ്ടാംവട്ട പര്യടനം നടത്തിവരികയാണ്.
ഉച്ചയ്ക്ക് 12നാണ് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുന്നത്. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളായ നാലു പേര്‍ ഒപ്പമുണ്ടാകും. ഇവര്‍ ആരൊക്കെയെന്നു രാവിലെ തീരുമാനമാകും. യു.ഡി.എഫ് നേതാക്കളായ കെ.സുധാകകരന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഇന്ന് കല്‍പറ്റയില്‍ ഉണ്ടാകും. രാവിലെ പത്തോടെ ഹെലികോപ്ടറില്‍ മേപ്പാടിക്കടുത്ത് റിപ്പണില്‍ എത്തുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍ എത്തുന്ന മുറയ്ക്കാണ് റോഡ് ഷോ. പാര്‍ലമെന്റ് മണ്ഡലം പരിധിയിലെ ഏഴ് നിയോജകമണ്ഡലങ്ങളില്‍നിന്നായി നേതാക്കളും പ്രവര്‍ത്തകരും അടക്കം പതിനായിരത്തോളം പേര്‍ റോഡ് ഷോയില്‍ പങ്കാളികളാകുമെന്നാണ് യു.ഡി.എഫ് നേതാക്കളില്‍നിന്നുള്ള വിവരം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രന്റെ പത്രികാസമര്‍പ്പണത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സാന്നിധ്യം ഉണ്ടാകും. 2019ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ 55,120 വോട്ട് ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത് സ്മൃതി ഇറാനിയാണ്.